ലാവ്ലിന് കേസ്: എല്ലാ ഹരജികളും സുപ്രിം കോടതി ഒന്നിച്ച് പരിഗണിക്കും
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് അഴിമതിക്കേസില്‍ സി.ബി.ഐയുടേതടക്കം എല്ലാ ഹരജികളും ഒന്നിച്ചു പരിഗണിക്കുമെന്ന് സുപ്രിം കോടതി. കേസുകള്‍ ആറാഴ്ചകഴിഞ്ഞു പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എന്‍.വി രമണയും അമിതവ റോയിയും അടങ്ങുന്ന രണ്ടംഗബെഞ്ച് അറിയിച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയും പ്രതികളുടെ ഹരജിയുമാണ് നിലവില്‍ സുപ്രിം കോടതി മുമ്പാകെയുള്ളത്.
ഇന്നലെ ഹരജി പരിഗണിക്കവെ കേസിലെ മൂന്നാം പ്രതിയായ കെ.എസ്.ഇ.ബി മുന്‍ ചെയര്മാന് ആര്. ശിവദാസനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് കേസ് ഒന്നിച്ചുപരിഗണിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യം രണ്ടംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ ഹരജിക്കു പുറമെ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി.ബി.ഐയും ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് രോഹ്തഗി ചൂണ്ടിക്കാട്ടി. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് അടക്കമുള്ള മൂന്നുപേരെ കുറ്റവിമുക്തരാക്കിയിരിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച ഉദ്യോഗസ്ഥരെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാന കേസ് ആണെങ്കിലും മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടുവെന്നും രോഹ്തഗി വാദിച്ചു.
ഈസമയം ശിവദാസന്‍ ആണോ മുഖ്യപ്രതിയെന്നു ബെഞ്ചിലെ ജസ്റ്റിസ് രമണ ചോദിച്ചു. അല്ലെന്നും മുഖ്യമന്ത്രി, സെക്രട്ടറിമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി പലപ്രതികളും ഉണ്ടെന്ന് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."