മെര്‍സല്‍ സിനിമയാണ്; അതില്‍ പറയുന്നത് ജീവിതമല്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിജയ് നായകനായ മെര്‍സലിലെ ജി.എസ്.ടി സംബന്ധിച്ച പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യമുയര്‍ത്തിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുമായി മദ്രാസ് ഹൈക്കോടതി വിധി.
ചിത്രത്തിലെ ജി.എസ്.ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതാണ് ഈ ആവശ്യമുന്നയിച്ചിരുന്ന ബി.ജെ.പിക്ക് തിരിച്ചടിയായത്.
മെര്‍സലിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മൈലാപൂര്‍ സ്വദേശിയായ അഭിഭാഷകന്‍ എ.അശ്വത്ഥമാന്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയാണ് ജസ്റ്റിസ് എം.എം.സുന്ദരേശും എം.സുന്ദറും തള്ളിയത്. സിനിമയെ സിനിമയായിതന്നെ കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്ന് പറയാനാകില്ല.
രാജ്യത്ത് എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തിനെതിരായുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണ്. ജി.എസ്.ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്ക് നയിക്കുന്ന രംഗങ്ങളും ചിത്രത്തിലേറെയുണ്ടെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു. ചിത്രം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. തെറ്റായ ആരോപണങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരേ സിനിമ വെളിപ്പെടുത്തുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രാജ്യത്തെ സാമൂഹികാവസ്ഥകളില്‍ താങ്കള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ 'മെര്‍സല്‍' പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ചില സിനിമകളില്‍ പണക്കാരില്‍ നിന്ന് സമ്പത്ത് തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരേയും കേസു കൊടുക്കുമോയെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."