ജനങ്ങള്‍ക്കല്ല ജാഗ്രതക്കുറവ് ഭരണകൂടത്തിനാണ്
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ജനജാഗ്രതാ യാത്രയെ നിരര്‍ഥകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഖേദകരമാണ്.
ജനങ്ങളുടെ യജമാനന്മാരാവാന്‍ വേണ്ടി രാഷ്ട്രീയക്കാര്‍ അവരുടെ വേലക്കാരായി അഭിനയിക്കുമെന്ന് പറഞ്ഞത് പ്രശസ്ത ഫ്രഞ്ച് ചിന്തകനും ദാര്‍ശനികനുമായിരുന്ന ചാള്‍സ് ഡിഗോള്‍ ആണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ഥമാകും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് കേരളത്തിലെ ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റിയത്. ഒരുപാട് മനുഷ്യരുടെ പ്രതീക്ഷകളുടെ പ്രതീകമാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം. ആ യാഥാര്‍ഥ്യം കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വിസ്മരിച്ചിരിക്കുകയാണ്.
യു.ഡി.എഫ് ഭരണത്തിന്റെ അവസാന നാളുകളില്‍ ഉയര്‍ന്നുവന്ന മെത്രാന്‍ കായല്‍ നികത്തുന്നതിലുണ്ടായ അഴിമതിയും സോളാര്‍ വിവാദവും ഉയര്‍ത്തിപ്പിടിച്ചാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന് പറഞ്ഞതു പോലെയാണിപ്പോഴത്തെ അവസ്ഥ. അത്രമേല്‍ അഴിമതിയാരോപണങ്ങളാണ് ഒരുവര്‍ഷം തികഞ്ഞ ഇടത് സര്‍ക്കാരിന്‌മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ വെറുക്കപ്പെട്ടവനെന്ന് വി.എസ് അച്യുതാനന്ദനില്‍ വിശേഷിപ്പിക്കപ്പെട്ടത് ഒരാളായിരുന്നുവെങ്കില്‍ ഇന്ന് വെറുക്കപ്പെട്ടവരുടെ ഒരു നിര തന്നെ ഭരണകൂടത്തില്‍ കയറിക്കൂടിയിരിക്കുന്നു.
ജനങ്ങളെ മായിക ലോകത്തില്‍ തളച്ചിടാന്‍ വേണ്ടിയായിരുന്നുവോ ഇടത്പക്ഷം വരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം സി.പി.എം ഉയര്‍ത്തിയത്. ജനം അത് വിശ്വസിച്ച് പോയി. ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും ഇത്രമാത്രം പ്രതിഷേധ തിരമാലകള്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കുന്നുണ്ടെങ്കില്‍ നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്തായിരിക്കും അവസ്ഥ? വമ്പിച്ച ജനപിന്തുണയോടെ അധികാരത്തില്‍ വന്ന കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആഞ്ഞടിച്ച ജനപ്രതിഷേധ കൊടുങ്കാറ്റ്‌കൊണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. വലിയ ജനകീയ പിന്തുണയോടെ അധികാരത്തില്‍ വന്ന താങ്കളുടെ മന്ത്രിസഭക്ക്‌മേല്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഇത്രയും വലിയ ജനരോഷം ഉണ്ടായത്. ഈ ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കേണ്ടിയിരിക്കുന്നു. യു.ഡി.എഫിന്റെ കെടുകാര്യസ്ഥതയിലും അഴിമതിയാരോപണങ്ങളിലും മനം മടുത്ത ജനം വലിയ പ്രതീക്ഷയോടെയാണ് ഇടതുസര്‍ക്കാരിനെ അധികാരത്തില്‍ വാഴിച്ചത്.
ജനജാഗ്രതാ യാത്രക്ക് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ആഡംബര കൂപ്പര്‍ കാറിലേക്ക് കാലെടുത്തുവയ്ക്കാന്‍ ആദ്യത്തില്‍ മടിച്ച കോടിയേരി ബാലകൃഷ്ണന്‍ അതേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആര്‍.എസ്.എസിനെ നേരിടുവാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന് പുറമേക്ക് കൊട്ടിഘോഷിക്കുകയും പിന്നാമ്പുറങ്ങളിലൂടെ അവരെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആഗസ്റ്റ് 15ന് മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തിയത് മുതല്‍ ആരംഭിക്കുന്നു ഭരണകൂടത്തിന്റെ ആര്‍.എസ്.എസിനോടുള്ള മൃദു സമീപനം. കോടീശ്വരന്മാരെ വിലക്കെടുത്ത് നിലമ്പൂരിലും താനൂരിലും കൊടുവള്ളിയിലും കുട്ടനാട്ടിലും അവര്‍ക്ക് ടിക്കറ്റ് നല്‍കി തെരഞ്ഞെടുപ്പിന് മത്സരിപ്പിച്ച് ജനാധിപത്യ ഭരണ സമ്പ്രദായത്തെ തന്നെയാണ് സി.പി.എം അട്ടിമറിച്ചത്. മാത്രമല്ല രാവേറെ ചെന്നാലും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കാത്ത സാധാരണക്കാരന്റെ ഉയര്‍ച്ചയെയാണ് ഇതുവഴി തടയപ്പെടുന്നത്.
ആര്‍ക്കുവേണ്ടിയാണ് ഇവര്‍ ഇങ്ക്വിലാബ് വിളിക്കേണ്ടത്. ഹവാല കേസുകളിലും സ്വര്‍ണക്കള്ളക്കടത്ത് കേസുകളിലും പ്രതിയായവര്‍ക്കോ? ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയാതെ പോയതാണെന്ന് ആര് വിശ്വസിക്കും. അദ്ദേഹത്തിന്റെ പൂര്‍വകാല ആര്‍.എസ്.എസ് പശ്ചാത്തലം അനില്‍ അക്കര എം.എല്‍.എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഭൂപരിഷ്‌കരണം നടപ്പാക്കിയെന്ന് മേനി നടിക്കുന്ന പാര്‍ട്ടിയുടെ എം.എല്‍.എയാണ് 203 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. തോമസ് ചാണ്ടിയെന്ന ഭാരം ഭരണകൂടത്തിന് ബാധ്യതയായിട്ടു പോലും ഒഴിവാക്കാനാവാത്ത ഒരവസ്ഥ സി.പി.എമ്മിന് വന്നുഭവിച്ചിട്ടുണ്ടെങ്കില്‍ അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇങ്ങനെയെല്ലാം ചെയ്തിട്ടും ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ പറയുന്നതും അതിന് വേണ്ടി ആഡംബര യാത്ര നടത്തുന്നതും എന്ത് മാത്രം പരിഹാസ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."