താജ്മഹല്‍: പൈതൃകസംഹാരം രാഷ്ട്രത്തിന്റെ ദുഃഖം
ഇന്ത്യയില്‍ കേന്ദ്രവും യു.പി അടക്കമുള്ള സംസ്ഥാനങ്ങളും ഭരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലെ ഇസ്‌ലാമിക ഭരണകൂടങ്ങളുടെ വേരുകളും അവയുടെ സാംസ്‌കാരിക സംഭാവനകളും മാന്തിയെടുക്കുന്ന പ്രവണത വീണ്ടും തുടര്‍ന്നുവരുന്നത് കാണുമ്പോള്‍ ദീര്‍ഘകാലം ചരിത്രം പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത ഒരധ്യാപകന്‍ ഇസ്‌ലാമിക മതാനുയായികളും വലിയ പൈതൃകത്തിന്റെ ഉടമകളുമായ ഒരു വലിയ ജനസംഖ്യയുടെ ദുഃഖം സ്വയം അനുഭവിക്കുന്നു. ലോകത്തിലെ മുഴുവന്‍ സാംസ്‌കാരിക സ്മാരകങ്ങളേയും ജനസമൂഹങ്ങളേയും സംരക്ഷിക്കുമെന്നുള്ള യു.എന്‍.ഒ ചാര്‍ട്ടറില്‍ ഒപ്പിട്ട അംഗരാജ്യമാണ് ഇന്ത്യ. ബാബരി മസ്ജിദ് തച്ചുപൊളിക്കാന്‍ അന്ന് കൂട്ടുനിന്ന ഗവണ്‍മെന്റുകള്‍, മതമൗലിക വാദത്തിന്റെ തീക്ഷ്ണശക്തികള്‍, അതേ മുഗളരുടെ മറ്റൊരു സ്മാരകത്തിന്റെ നേര്‍ക്കാണ് ഇപ്പോള്‍ വിരല്‍ ഉയര്‍ത്തുന്നത്. യുനസ്‌കോ മാനവരാശിയുടെ പൈതൃകമെന്നഭിമാനിക്കുന്നതാണ്. താജ്മഹലിനോട് ഇത്തരം ഒരസഹിഷ്ണുത വളര്‍ത്തിയെടുത്തുകൊണ്ട് ഇവര്‍ കടന്നുപോകുന്ന വഴികള്‍ കാടന്‍ സമൂഹങ്ങളേക്കാള്‍ ഹീനതയുള്‍ക്കൊള്ളുന്നു.
ഇവര്‍ക്കിടയിലെ ചരിത്ര നിഷേധിയായ പണ്ഡിതന്‍ പി.എന്‍. ഓക്ക് അതൊരു ഹിന്ദു ക്ഷേത്രമാണെന്ന് പണ്ടെഴുതി പ്രചരിപ്പിച്ചത് ഓര്‍ത്തുപോകുന്നു. അതേ ആശയം ഇന്ന് കൂടുതല്‍ ശക്തമായി അതേ സമൂഹം ഉയര്‍ത്തുമ്പോള്‍ അതേ വിഭാഗത്തില്‍പ്പെട്ട മറ്റൊരു കൂട്ടര്‍ ഒരു കപട നാടകത്തിലെന്നോണം അതിന് സ്തുതിവചനങ്ങള്‍ അര്‍പ്പിക്കുന്നു. ഇവ രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെ. ചരിത്രം തിരുത്തിയെഴുതുന്ന ഈ രണ്ട് വിഭാഗങ്ങളും അവിടെ ശിവക്ഷേത്രം നിലനിന്നിരുന്നുവെന്നും അവിടെ താജ്മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ചുവെന്നും മറ്റും പ്രചരിപ്പിക്കുമ്പോള്‍ അവരുടെ ലക്ഷ്യം ബാബരി മസ്ജിദിനോടുള്ള 'മമത' തന്നെ. ഇതിനെ നഷ്ടപ്പെടുത്തിയാല്‍ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം കുറയുമെന്ന് എന്റെ ഒരു സുഹൃത്തായ പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് ഒരു ലേഖനത്തില്‍ വിലപിക്കുന്നത് കാണുമ്പോള്‍ അയാളും ഇവരുടെ സഹയാത്രികനാണെന്ന് തോന്നിപ്പോയി.
ഇന്ത്യയില്‍ ടൂറിസ്റ്റുകള്‍ ഡോളര്‍ കൊണ്ടുവരികയോ വരാതിരിക്കുകയോ എന്നതല്ല പ്രശ്‌നം. ഇന്ത്യന്‍ പൈതൃകം സൃഷ്ടിച്ച ഏറ്റവും മഹത്തായ ഒരു കലാസംസ്‌കൃതിയെ നിലനിര്‍ത്തുകയെന്നത് ഭരണഘടനാപരമായ ഉത്തരവാദം മാത്രമല്ല. അത് ദേശീയതയുടെ പ്രതീകം കൂടിയാണ്. അതിന്റെ നേര്‍ക്ക് താലിബാന്‍ ശക്തികള്‍ അഫ്ഗാനിസ്താനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതുപോലെയും ഇറാഖിലെ പൈതൃകങ്ങള്‍ യു.എസ് സൈന്യം ശിഥിലമാക്കിയതുപോലെയും ഉള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ആരാണ് അധികാരം നല്‍കിയതെന്നതാണ് അടിസ്ഥാനപരമായ ചോദ്യം.
ഈ ചോദ്യം ഒരു വലിയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നു. ബാബരിമസ്ജിദിന്റെ തകര്‍ക്കലിനെതിരായി റോഡുകളില്‍ ടയര്‍ കത്തിച്ചിട്ടതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തിന് മുന്നോട്ട് നീങ്ങി സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന കുറ്റസമ്മതം ചെയ്ത ഒരു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഈ രാജ്യത്ത് ജീവിച്ചുവെന്ന് അറിയുമ്പോള്‍ നമ്മള്‍ സ്വയം ലജ്ജിതരാകുന്നു. അവരുടെ മനസില്‍ അന്നുണ്ടായ മൃദു ഹിന്ദുത്വ സമീപനം ഇന്ന് ചിലര്‍ തീവ്ര ഹിന്ദുത്വസമീപനമാക്കി മാറ്റുമ്പോള്‍ മതേതരത്വത്തിന്റെയും ന്യൂനപക്ഷ സംസ്‌കാര സംരക്ഷണത്തിന്റെയും ചരിത്ര സ്രോതസ്സുകളുടെ നിലനില്‍പ്പിന്റെയും പേരില്‍ ഇന്ത്യന്‍ ജനത ദുഃഖിക്കുന്നു. ഇത് ഈ രാഷ്ട്രത്തിന്റെ ദുഃഖം കൂടിയാണ്.
ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും വേരുകള്‍ അവയുടെ സാംസ്‌കാരികമായ ഈടു വയ്പ്പുകളാണ്. അവ ഹിന്ദുവിന്റെ, മുസ്‌ലിമിന്റെ, ക്രിസ്ത്യന്റെ, പാഴ്‌സിയുടെ എന്ന് വിവേചനം നടത്തി ഉച്ചനീചത്വങ്ങള്‍ കാണുന്ന ഭരണാധികാരികള്‍ കൊളോണിയല്‍ ശക്തികളുടെ തന്നെ തുടര്‍ച്ചയാണ്. ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുകയെന്ന അവരുടെ നടപടികള്‍ ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ജനതയോട് നടപ്പിലാക്കുവാന്‍ വെമ്പുന്ന ഭരണാധികാരികള്‍ ചരിത്രത്തിന്റെ തിരിച്ചടികള്‍ തന്നെ നേരിടേണ്ടിവരും.
ബാബറെയും അക്ബറെയും ഔറംഗസീബിനെയും മുമ്പ് പിടികൂടിയ രാഷ്ട്രീയ ചിന്തകരും നേതൃത്വവും ഇപ്പോള്‍ ഷാജഹാനെയാണ് പിടികൂടിയിരിക്കുന്നത്. ഇന്ത്യയെന്ന രാജ്യം ആരാണ് രൂപപ്പെടുത്തിയതെന്ന് അവര്‍ ചരിത്രത്തില്‍നിന്ന് പഠിച്ചുകാണുകയില്ല. അവര്‍ പലപ്പോഴും പുകഴ്ത്തുന്ന ജദുനാഥ് സര്‍ക്കാരിന്റെയും ആര്‍.സി മജുംദാറിന്റെയും കെ.എം പണിക്കരുടെയും ചരിത്രരചനകളിലൂടെ ഒരു പരിശോധന നടത്തിയാല്‍ തന്നെ മുഗള്‍ ഭരണം ലോകചരിത്രത്തിന് നല്‍കിയ സംഭാവനകളുടെ പ്രാധാന്യം കണ്ടെത്തിയേക്കാം. കണ്ടാലും കണ്ണടച്ച് ഇരുട്ടാക്കുകയുമാകാം.
ഇത്തരം ഒരു സാംസ്‌കാരിക ശില്പം കെട്ടി ഉയര്‍ത്തിയ ലക്ഷണങ്ങളിലുള്ള ഹിന്ദുക്കളും മുസ്‌ലിംകളുമായ കരകൗശല വിദഗ്ധരുടെയും തൊഴിലാളികളുടെയും അധ്വാനശക്തിയെ ഇവര്‍ പുച്ഛിച്ചുതള്ളുന്നത് ഒരു ജനതയെ വഞ്ചിക്കുന്നതിന് സമമാണ്. കാലത്തിന്റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുള്ളിയായ ഒരു കാവ്യശില്പത്തെ അപമാനിക്കുന്നവര്‍ ഫാസിസ്റ്റുകളുടെ പൂര്‍ണ രൂപങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."