സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം; അധ്യാപകര്‍ ദുരിതത്തില്‍
എടച്ചേരി: സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം അധ്യാപകരെ ദുരിതത്തിലാക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ അധ്യാപകരുടെ പുനര്‍വിന്യാസവും അനുബന്ധ കാര്യങ്ങളുമടങ്ങുന്ന ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇപ്പോഴും നടപ്പാവാത്തത്.
2012ല്‍ വിവിധ ജില്ലകളില്‍ ക്ലസ്റ്റര്‍ ട്രെയിനര്‍മാരായി നിയമനം ലഭിച്ചവര്‍ക്കും റെഗുലര്‍ അധ്യാപകരുടെ ആനുകൂല്യങ്ങളും അവധിയും അനുവദിക്കണമെന്ന ഉത്തരവാണിത്.
2010 ന് മുന്‍പ് ജോലിയില്‍ പ്രവേശിച്ച അറുന്നൂറോളം അധ്യാപകര്‍ക്കാണ് ഇതുമൂലം വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്. ഇവര്‍ ജോലി ചെയ്തു വന്ന വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണക്കുറവ് കാരണം തസ്തിക നഷ്ടപ്പെട്ടിരുന്നു. ഇവരെ സംരക്ഷിക്കാനായി 2012 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക അധ്യാപക പാക്കേജിന്റെ ഭാഗമായി ചിലരെ മാതൃവിദ്യാലയത്തില്‍ പുനര്‍ വിന്യസിച്ചിരുന്നു.
മറ്റു ചിലരെ സര്‍വശിക്ഷാ അഭിയാന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിലവില്‍ അടിസ്ഥാന ശമ്പളമല്ലാതെ മറ്റു ആനുകൂല്യങ്ങളായ ഇന്‍ക്രിമെന്റ്, ഗ്രേഡ് എന്നിവ ലഭിക്കുന്നില്ല. മാത്രമല്ല, പി.എഫില്‍ നിന്ന് ലഭിക്കുന്ന വായ്പ പോലും ഇവര്‍ക്ക് നിഷേധിക്കുകയാണ്.
അധ്യാപകരുടെ സംരക്ഷണ ( പ്രാട്ടക്ഷന്‍) ഉത്തരവിന് 2014-15 വരെ പരിഗണനയുണ്ടെങ്കിലും 2010 ന് മുമ്പ് സര്‍വിസില്‍ പ്രവേശിച്ച ഈ അധ്യാപകരാണ് ഇപ്പോഴും യാതന അനുഭവിക്കുന്നത്. പത്തും അതില്‍ കൂടുതലും വര്‍ഷം അധ്യാപകരായി ജോലി ചെയ്തവരാണ് ഇവരില്‍ ഭൂരിഭാഗവും.
ജോലി നഷ്ടപ്പെട്ട് പുറത്തിരുന്ന കാലം അര്‍ഹതപ്പെട്ട അവധിയോ,ശൂന്യവേതന അവധിയോ ആയി ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാനും അധികൃതര്‍ തയാറാവാത്തതിനാല്‍ ഇവരില്‍ ചിലര്‍ കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വിഭാഗത്തില്‍ പെടുന്ന മുഴുവന്‍ അധ്യാപകര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തയാറാവണമെന്നാണ് ഇവരുടെ ആവശ്യം.
ആ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."