'നിയോം' സിറ്റിയില്‍ ഇസ്ലാമിക മൂല്യങ്ങളെ ബലികഴിക്കില്ല; മദ്യം ആവശ്യമുള്ളവര്‍ അയല്‍ രാജ്യങ്ങളിലേക്ക് പോകണം: കിരീടാവകാശി
റിയാദ്: സഊദി അറേബ്യയുടെ പുതിയ മെഗാ പദ്ധതിയായ 'നിയോം' പദ്ധതിയില്‍ ഇസ്ലാമിക മൂല്യങ്ങളെ ബാലികഴിക്കുന്ന കാര്യങ്ങള്‍ അനുവദിക്കുകയില്ലെന്നു പദ്ധതിയുടെ ശില്‍പ്പിയായ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ നിക്ഷേപകരുടെ കാര്യങ്ങള്‍ നിറവേറ്റാനാണ് ശ്രമിക്കുന്നത്. ലോകത്തിനാവശ്യമായ എല്ലാ കാര്യങ്ങളും അനുവദിക്കാന്‍ ശ്രമം നടക്കുമ്പോഴും രണ്ടു ശതമാനം കാര്യങ്ങള്‍ ഒഴുവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
500 ബില്ല്യന്‍ യു എസ് ഡോളറില്‍ നിര്‍മ്മിക്കുന്ന നിയോം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ലോകത്തെല്ലായിടത്തുമുള്ള ടൂറിസ്റ്റ് മേഖലയിലേതു പോലെ ഇവിടെയും ആയിത്തീരുമെന്ന ധ്വനിയാണ് സല്മാന് രാജകുമാരന്റെ വെളിപ്പെടുത്തിലൂടെ അസ്ഥാനത്തായത്. സമാനമായ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേതു പോലെ തന്നെ 98 ശതമാനം കാര്യങ്ങളും നിയോം സിറ്റിയിലും നടപ്പാക്കും. എന്നാല്‍ മദ്യമടക്കം രണ്ടു ശതമാനം സൗകര്യങ്ങള്‍ നടപ്പാക്കാന്‍ സാധ്യമല്ല.
മദ്യം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയോം സിറ്റിയില്‍ നിന്നും എളുപ്പത്തില്‍ അയല്‍ രാജ്യമായ ഈജിപ്തിലോ, ജോര്ദാനിലോ പോയാല്‍ മതിയെന്നും രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ പുതിയ മെഗാ സിറ്റിയിലും പാലിക്കേണ്ടതുണ്ടെന്നും സഊദി കിരീടാവകാശി പറഞ്ഞു. മെഗാസിറ്റി അതിര്‍ത്തി പ്രദേശത്തു നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രമുള്ളതിനാല്‍ വെറും രണ്ടു മിനിറ്റ് കൊണ്ട് ഈജിപ്തിലേക്കും 15 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ ജോര്‍ദാനിലേക്കും എത്തിച്ചേരാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."