ഇതു കണ്ടു രസിക്കേണ്ടതോ പകര്‍ത്തിയെടുക്കേണ്ടതോ
ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രി റെയില്‍വേ സ്റ്റേഷനില്‍വച്ചു രണ്ടു വിദേശസഞ്ചാരികളോട് കാമാന്ധരായ അഞ്ചംഗസംഘം നടത്തിയ അതിക്രൂരവും മനുഷ്യത്വരഹിതവുമായ അക്രമത്തിന്റെ പേരില്‍ നാണംകെട്ടു നില്‍ക്കേണ്ട അവസ്ഥയിലാണ് ഇന്ന് ഇന്ത്യക്കാര്‍. നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ നിത്യസ്മാരകമായ താജ്മഹലുള്‍പ്പെടെയുള്ള അത്ഭുതക്കാഴ്ചകള്‍ കണ്ടു മടങ്ങുകയായിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡുകാരായ യുവാവിനും യുവതിക്കും നേരേയായിരുന്നു കാട്ടാളനും ചെയ്യാനറയ്ക്കുന്ന തരത്തിലുള്ള ക്രൂരത നടപ്പാക്കിയത്.
മരിദ്രോസ് എന്ന യുവതിയെ തടഞ്ഞുനിര്‍ത്തി നിര്‍ബന്ധപൂര്‍വം സെല്‍ഫിയെടുക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്തതിനെ തടയാന്‍ അവളുടെ കൂട്ടുകാരനായ ക്വെന്റിന്‍ ജെറമി ക്ലാര്‍ക്ക് എന്ന യുവാവു ശ്രമിച്ചപ്പോഴാണ് മാനഭംഗക്കാര്‍ കാട്ടാളന്മാരായത്. മരിദ്രോസിന്റെ കൈ അവര്‍ അടിച്ചു പൊട്ടിച്ചു, ജെറമി ക്ലാര്‍ക്കിന്റെ തല തല്ലിത്തകര്‍ത്തു. തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയും കേള്‍വിത്തകരാര്‍ സംഭവിക്കുകയും ചെയ്ത ക്ലാര്‍ക്ക് ആഗ്രയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. കൈയെല്ലു പൊട്ടിയ മരിദ്രോസ് കൂട്ടുകാരനൊപ്പമുണ്ട്.
2012ല്‍ ഡല്‍ഹിയിലെ തിരക്കേറിയ തെരുവിലൂടെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയും അവളുടെ കൂട്ടുകാരനെ തല്ലി ജീവച്ഛവമാക്കുകയും കാമാര്‍ത്തിയും ക്രൂരതയും പരമാവധി നടപ്പാക്കി ഇരുവരെയും വഴിയോരത്തേയ്ക്കു വലിച്ചെറിയുകയും ചെയ്തതും ആ പെണ്‍കുട്ടി ഒടുവില്‍ മരണത്തിനു കീഴടങ്ങിയതും കേട്ടു നടുങ്ങിയ നാടാണു നമ്മുടേത്. ഭാവിയിലെങ്കിലും അത്തരം ആസുരതകള്‍ ആവര്‍ത്തിക്കരുതെന്ന് മനഃസാക്ഷിയുള്ളവരെല്ലാം ഉള്ളുരുകി പ്രാര്‍ത്ഥിച്ചതുമാണ്. എന്നിട്ടും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു!
ശരിയാണ്.., ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളില്‍ മിക്കവര്‍ക്കും വധശിക്ഷ ഉറപ്പാക്കാന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ നടുക്കിയ സൗമ്യകേസിലും സൂര്യനെല്ലി കേസിലും ഗീതാചോപ്രാ മാനഭംഗക്കേസിലും ജല്‍ഗോവന്‍ കൂട്ടമാനഭംഗക്കേസിലും മറ്റും കര്‍ക്കശമായ നടപടികളെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്നിട്ടും, ഇവിടെ ഇത്തരം അക്രമങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും കാട്ടാളത്തം കാണിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം കൂടുകയും ചെയ്യുകയാണ്. ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പതിനെട്ടു തികയാത്ത ഒരാളേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഫത്തേപ്പൂര്‍ സിക്രി സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രൂരന്മാര്‍ മൂന്നാണ്, മൂന്നിരട്ടി വര്‍ധന!!
അതിനെക്കുറിച്ചല്ല, അതിനേക്കാള്‍ ഞെട്ടിപ്പിക്കേണ്ട, അതിനേക്കാള്‍ ലജ്ജിപ്പിക്കേണ്ട ഒരു കാര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് ഇവിടെ ആഗ്രഹിക്കുന്നത്. അതു നമ്മുടെ സമൂഹത്തിന്റെ അധമമനോഭാവത്തെക്കുറിച്ചാണ്.
ഫത്തേപ്പൂര്‍ സിക്രി റെയില്‍വേ സ്റ്റേഷനില്‍വച്ചു വിദേശികളായ യുവതീയുവാക്കളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കിടയില്‍ ഇങ്ങനെ ഒരു വരിയുണ്ടായിരുന്നു: 'ആളുകള്‍ ആ സംഭവം ഫോണില്‍ പകര്‍ത്തിയതല്ലാതെ സഹായത്തിനെത്തിയില്ല.'
വാര്‍ത്തയ്ക്കിടയില്‍ അപ്രധാനമെന്നു തോന്നുന്ന രീതിയില്‍ സ്ഥാനംപിടിച്ച ഈ വരികള്‍ ശ്രദ്ധാപൂര്‍വം ഒന്നുകൂടി വായിച്ചുനോക്കൂ.
ഫത്തേപ്പൂര്‍ സിക്രി റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീപീഡനത്തിന്റെയും ഗുണ്ടാവിളയാട്ടത്തിന്റെയും പരസ്യമായ സൗജന്യപ്രദര്‍ശനമാണു നടന്നതെന്ന് അപ്പോള്‍ മനസ്സിലാകും!
അവിടെയുണ്ടായിരുന്നവരെല്ലാം അതു കൗതുകത്തോടെ നോക്കി നില്‍ക്കുകയായിരുന്നുവെന്നു മാത്രമല്ല, ആ രംഗങ്ങള്‍ നിത്യക്കാഴ്ചയാക്കാന്‍ ആവേശത്തോടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയുമായിരുന്നു. ആ കൗതുകക്കൂട്ടത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്നു വാര്‍ത്തയില്‍ പറയുന്നില്ല. എങ്കിലും, ഫത്തേപ്പൂര്‍ സിക്രി പോലുള്ള റെയില്‍വേ സ്റ്റേഷനില്‍ വിരലിലെണ്ണാവുന്ന കാഴ്ചക്കാരല്ല ഉണ്ടാവുകയെന്നുറപ്പ്. ഏറ്റവും കുറഞ്ഞതു നൂറിലേറെ പേരെങ്കിലുമുണ്ടാകും.
അവരുടെയെല്ലാം ശ്രദ്ധ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്ന മദാമ്മയുടെ മേനിയിലാകണം. കൗരവരുടെ രാജസദസ്സില്‍ ദുശ്ശാസനന്‍ പാഞ്ചാലിയുടെ വസ്ത്രം പറിച്ചെറിയുമ്പോള്‍ കൗതുകം നിറഞ്ഞ മനസ്സുമായി ഇമവെട്ടാതെ അതു നോക്കിയിരുന്ന അക്കാലത്തെ 'മാന്യ'ന്മാരുണ്ടല്ലോ, അവരുടെ പിന്മുറക്കാരെയാണ് ആ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ കാണാനായത്.
ചേലയഴിച്ച ദുശ്ശാസനനേക്കാള്‍ അധമന്മാര്‍ ആ കാഴ്ച കൗതുകപൂര്‍വം കണ്ടുനിന്നവരാണല്ലോ. അതേ സാംസ്‌കാരികാധമത്വമാണ് ഫത്തേപ്പൂര്‍ സിക്രിയിലെ കാഴ്ചക്കാരിലും കാണാന്‍ കഴിയുക. കാലം മാറിയതുകൊണ്ടു സംഭവിച്ച ഏക വ്യത്യാസം പുതിയ കൗതുകക്കാഴ്ചക്കാരുടെ കൈകളിലെല്ലാം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നതാണ്. ദുശ്ശാസനന്മാരും രാജസഭാംഗങ്ങളും ചരിത്രഗതിയിലും മാറ്റമില്ലാതെ അരങ്ങുതകര്‍ക്കുന്നു. ഭേഷ്.., നമ്മുടെ നാട് പാരമ്പര്യം നിലനിര്‍ത്തുക തന്നെയാണ്!
മനഃസാക്ഷിയും മനുഷ്യത്വവുമില്ലാത്ത ഈയൊരു പ്രവണത ഫത്തേപ്പൂര്‍ സിക്രിയില്‍ മാത്രം പ്രത്യക്ഷപ്പെട്ടതല്ല. ഏതോ ക്വട്ടേഷന്‍ സംഘം നടത്തിയ അരുംകൊലയുടെ വിശദമായ സി.സി ടിവി ദൃശ്യം അടുത്തകാലത്ത് ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ വന്നിരുന്നു. സാമാന്യമായി തിരക്കുള്ള അങ്ങാടിയില്‍ ഒരാള്‍ ബൈക്കില്‍ വന്നിറങ്ങുന്നു. അയാള്‍ അടുത്ത കടയിലേയ്ക്കു കയറുന്നതിനിടയില്‍ നാലഞ്ചുപേര്‍ വടിവാളുമായി പിന്തുടര്‍ന്നു തലങ്ങും വിലങ്ങും വെട്ടുന്നു.
ജീവന്‍ രക്ഷിക്കാനായ ഓടുന്ന ആ യുവാവ് നിലയറ്റു വീഴുന്നു. പിന്നീട് ചകിരി തല്ലുംപോലെ നാലുഭാഗത്തുനിന്നും ആഞ്ഞു വെട്ടുന്ന കാഴ്ചയാണ്. ഓരോ വെട്ടിലും ആ ശരീരം കിടന്ന കിടപ്പില്‍ പിടയ്ക്കുന്നു. ജീവന്റെ നേരിയ കണികപോലും ആ ശരീരത്തിലില്ലെന്ന് ഉറപ്പുവരുത്തി അക്രമികള്‍ ഓരോരുത്തരും ആ ശരീരത്തില്‍ കാലുകൊണ്ടു ചവിട്ടിയും ആഞ്ഞു തുപ്പിയും രോഷം തീര്‍ത്തു കാഴ്ചയില്‍നിന്നു മറയുന്നു.
മനസ്സിനെ വെറുങ്ങലിപ്പിച്ച ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തിലും കാണാമായിരുന്നു അകലെ ഒളിഞ്ഞുനിന്നു മൊബൈല്‍ ഫോണില്‍ രംഗം പകര്‍ത്തുന്നവരുടെ ആവേശം. ഭീകരമായ ആ ദൃശ്യം ഇതുവരെ മനസ്സില്‍ നിന്നു മായ്ച്ചു കളയാന്‍ കഴിയുന്നില്ല. ആ രംഗം കാണേണ്ടിവന്നപ്പോഴുണ്ടായ നടുക്കം പേടിസ്വപ്നമാണിന്നും.
പക്ഷേ, അത്തരം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആവേശത്തോടെ പ്രചരിപ്പിച്ചും ആനന്ദത്തോടെ കണ്ടും തൃപ്തിയടയുന്ന പലരുമുണ്ടെന്നറിയാം. കൗരവരാജസദസ്സിന്റെ മനഃശാസ്ത്രം ഇവിടെ ആവര്‍ത്തിക്കപ്പെടുകയല്ലേ.
ഇത്തരം കാട്ടാളത്തം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്നു തലപുകഞ്ഞാലോചിച്ചു മുന്‍കരുതലെടുക്കേണ്ട ചുമതല ഭരണകൂടത്തിനും മതേതരവിശ്വാസികള്‍ക്കുമുണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങളെ പകയുടെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണു പവിത്രസ്‌നേഹത്തിന്റെ നിത്യസ്മാരകമായ താജ്മഹലിനെ മതകലഹത്തിന്റെ വേദിയാക്കാനുള്ള പുതിയ ശ്രമങ്ങള്‍.
താജ്മഹല്‍ പരിസരത്ത് ഇതുവരെ നടക്കാത്ത ആരാധനാരീതികള്‍ നടപ്പാക്കിയേ അടങ്ങൂവെന്ന വാശി നടപ്പാക്കാനാണോ ജനമനസ്സുകളില്‍നിന്ന് ആസുരതകള്‍ ഇല്ലാതാക്കാനാണോ നാം ചൂലെടുക്കേണ്ടതെന്ന് ആത്മപരിശോധന നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
അരുതാത്തതു കാണുമ്പോള്‍ ആദ്യം കൈകൊണ്ടു തടുക്കുക, അതിനു കഴിയുന്നില്ലെങ്കില്‍ വാക്കുകൊണ്ടു ചെറുക്കുക, അതിനുമായില്ലെങ്കില്‍ മനസ്സുകൊണ്ടു വെറുക്കുകയെങ്കിലും ചെയ്യുക എന്ന മഹനീയമായ പ്രബോധനമുണ്ടല്ലോ. എന്നാണ്, ആ പാഠം ഹൃദയത്തിന്റെ അകത്തളത്തില്‍ ശിലയിലെഴുതി സ്ഥാപിക്കാന്‍ നമുക്കു കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."