ഇടതു മുന്നണി കലഹമുന്നണിയായി: ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റക്കേസില്‍നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയത് സംബന്ധിച്ച് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കം ഇടതുമുന്നണിയെ കലഹമുന്നണിയായി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനെല്ലാം പിന്നില്‍. നേരത്തെ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും രക്ഷകനായെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ക്രിമിനല്‍ കേസെടുക്കാന്‍ യോഗ്യതയുള്ളയാളാണ് തോമസ് ചാണ്ടിയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കിയതാണ്. എന്നിട്ടും റിപ്പോര്‍ട്ട് നിയമോപദേശത്തിനയച്ച് തോമസ് ചാണ്ടിയെ തല്‍ക്കാലത്തേക്ക് രക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
സി.പി.ഐ ഓരോ സമയത്തും പ്രതിഷേധിച്ച് ഒച്ചവയ്ക്കുമെന്നല്ലാതെ അതിനപ്പുറത്തേക്ക് പോകാനുള്ള കെല്‍പ്പൊന്നും ആ പാര്‍ട്ടിക്കില്ല. നേരത്തെ മൂന്നാര്‍ കൈയേറ്റത്തിന്റെ കാര്യത്തിലും ഇത് കണ്ടതാണ്. സി.പി.എമ്മിന് ഇത് നന്നായി അറിയാമെന്നതിനാലാണ് അവര്‍ ഇതൊന്നും കാര്യമായി എടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."