ഓണ്‍ലൈന്‍ മദ്യവില്‍പന എളുപ്പമല്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍
തിരുവനന്തപുരം: മദ്യവില്‍പന ശാലകള്‍ക്കു മുന്നിലെ നീണ്ട വരി ഒഴിവാക്കുന്നതിന് നടപ്പാക്കാന്‍ ആലോചിച്ച ഓണ്‍ലൈന്‍ മദ്യവില്‍പന അത്ര എളുപ്പമല്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍. നിലവിലുള്ള മദ്യവിതരണ സംവിധാനം അടിമുടി മാറ്റേണ്ടിവരും. അബ്കാരി നിയമം അനുസരിച്ച് മദ്യശാലകളുടെ അതിരുകള്‍ക്കുള്ളില്‍ മാത്രമേ മദ്യം വിതരണം ചെയ്യാന്‍ കഴിയൂവെന്നതിനാല്‍ നിയമത്തിലും ഭേദഗതി വേണ്ടിവരും.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ സാധ്യതകളെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിവറേജസ് കോര്‍പറേഷന്‍ നിലപാട് അറിയിച്ചത്. ഫയല്‍ എക്‌സൈസ് കമ്മിഷണറുടെ നിലപാട് അറിയുന്നതിനായി അയച്ചു. അതിനുശേഷം മന്ത്രിസഭയിലും എല്‍.ഡി.എഫിലും വിശദമായി ചര്‍ച്ച ചെയ്തിട്ട് അന്തിമ തീരുമാനം എടുത്താല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വിഷയത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ പഠനത്തിനായി വിദഗ്ധ സമിതിയെ നിയമിക്കാമെന്നും ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് മദ്യം വീടുകളില്‍ എത്തിച്ചു നല്‍കേണ്ടി വരുമെന്നതിനാല്‍ പ്രത്യേക വിതരണ സംവിധാനവും കൂടുതല്‍ ജീവനക്കാരും വേണ്ടിവരും. നിരീക്ഷണ സംവിധാനവും വേണ്ടിവരും. ഇക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാറുകള്‍ക്ക്് മുന്നിലെ നീണ്ട വരി അപരിഷ്‌കൃതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."