എം.ആര്‍ വാക്‌സിന്‍ കാംപയിനില്‍ തിരിച്ചടി;അവസാനിക്കാന്‍ ദിവസങ്ങള്‍; കുത്തിവയ്‌പെടുത്തത് പകുതി മാത്രം
തിരുവനന്തപുരം: അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മീസില്‍സ്- റുബെല്ല വാക്‌സിന്‍ കാംപയിന് തിരിച്ചടി. സംസ്ഥാനത്ത് ഇതുവരെ മീസില്‍സ്- റുബെല്ല വാക്‌സിന്‍ നല്‍കിയത് 44.3 ലക്ഷം കുട്ടികള്‍ക്ക് മാത്രം. ഒന്‍പത് മാസം പൂര്‍ത്തിയായതു മുതല്‍ 15 വയസുവരെയുള്ള 76 ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
വാക്‌സിനേഷന്‍ നല്‍കിയത് ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണ്. 87 ശതമാനം. രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണ്. 80 ശതമാനം. എന്നാല്‍ വടക്കന്‍ ജില്ലകള്‍ പാടെ അവഗണിച്ചു. 12,50.000 കുട്ടികള്‍ക്കാണ് മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ നല്‍കേണ്ടത്. എന്നാല്‍ ഇവിടെ ഇതുവരെ 4,26,931 കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ കൊടുക്കാന്‍ കഴിഞ്ഞുള്ളു.
എം.ആര്‍ വാക്‌സിനെതിരേ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപക പ്രചാരണം കാംപയിനെ ദോഷമായി ബാധിച്ചുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കൂടാതെ സ്‌കൂളുകളുടെ ഭാഗത്തു നിന്നുണ്ടായ നിസഹകരണവും തിരിച്ചടിയായി.
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതും കാംപയിനെ ബാധിച്ചുവെന്നും ആരോഗ്യ വകുപ്പ് പറയുന്നു. വാക്‌സിനേഷന്‍ നേട്ടം താരതമ്യേന കുറവായ ജില്ലകളില്‍ ബോധവല്‍ക്കരണത്തിനും പ്രചാരണത്തിനും പ്രത്യേക കാംപയിന്‍ നടത്തുന്നതിനും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ.സരിത അറിയിച്ചു.
ഒറ്റ വാക്‌സിന്‍ കൊണ്ട് മീസില്‍-റുബെല്ല തുടങ്ങിയ രണ്ട് രോഗങ്ങളെ പ്രതിരോധിക്കാം എന്നതാണ് നേട്ടം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ മുഖേന വാക്‌സിനേഷന്‍ നടത്തുകയാണ് ചെയ്തത്. 56 ലക്ഷത്തോളം കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ മുഖേന വാക്‌സിന്‍ കൊടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. 20 ലക്ഷത്തോളം പേര്‍ക്ക് അങ്കണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ മുഖേന വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിരുന്നു.
സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പഞ്ചായത്തുകളില്‍ അങ്കണവാടികള്‍, ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാറായതായി ആരോഗ്യ വകുപ്പ് പറയുന്നു. സ്‌കൂളില്‍ വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കാവുന്നതാണ്.
കാംപയിന്‍ തിരിച്ചടി ആയതോടെ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ബുധന്‍, ശനി ദിവസങ്ങളില്‍ വാക്‌സിന്‍ എടുക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ 44,30,854 കുട്ടികള്‍ക്ക് മീസില്‍സ് ആന്‍ഡ് റൂബെല്ല കുത്തിവെയ്പ്പ് നല്‍കി.
വിവിധ ജില്ലകളിലെ കുത്തിവയ്‌പെടുത്ത കുട്ടികളുടെ എണ്ണം (ബ്രാക്കറ്റില്‍ ശതമാനം). തിരുവനന്തപുരം 4,80,173 (74 ശതമാനം), കൊല്ലം 3,91,593 (68), പത്തനംതിട്ട 1,76,271 (87), ആലപ്പുഴ 3,20,984 (80), കോട്ടയം 2,87,636 (71), ഇടുക്കി 1,69,138 (77), എറണാകുളം 4,20,714 (62), തൃശൂര്‍ 4,19,925 (64), പാലക്കാട് 3,74,083 (56), മലപ്പുറം 4,26,931 (34), കോഴിക്കോട് 3,54,220 (48), വയനാട് 1, 40,534 (69). കണ്ണൂര്‍ 2,88,052 (50), കാസര്‍കോട് 1,80,600 (56).
അതേസമയം 95 ശതമാനം കുട്ടികളില്‍ കുത്തിവയ്പ് എടുത്തില്ലെങ്കില്‍ എടുത്ത കുട്ടികള്‍ക്ക് അസുഖം വരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. നവംബര്‍ 3 വരെയാണ് കാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."