അനുമതിയില്ലാതെ ഹജ്ജിനെത്തിയവര്‍ക്ക് 10 വര്‍ഷത്തേക്ക് വിലക്ക്
ജിദ്ദ: അനുമതയില്ലാതെ ഹജ്ജിനു പോയി പിടിയിലായവര്‍ക്ക് 10 വര്‍ഷത്തേക്ക് സഊദിയിലേക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. 10 വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുമതിപത്രം സമ്പാദിക്കാതെ ഹജ്ജിനു പോയവര്‍ നാട്ടില്‍നിന്നു വീണ്ടും സഊദിയിലേക്കു മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ പിടിയിലായിരുന്നു.
അനുമതിപത്രമില്ലാതെ ഹജ്ജിനു പോകുന്നവരെ കണ്ടെത്താന്‍ നടത്തിയ വിപുലമായ പരിശോധനയില്‍ നിരവധി പേരെ ഈ വര്‍ഷവും മടക്കി അയച്ചിരുന്നു. പോയ വര്‍ഷങ്ങളിലും ഈ വര്‍ഷവും ഹജ്ജിന്റെ സുപ്രധാന ദിവസം ഹജ്ജ് പ്രദേശത്തേക്കു കടക്കാന്‍ ശ്രമിച്ചവരുടെ വിരലടയാളം രേഖപ്പെടുത്തിയിരുന്നു.
ഇതു പരിശോധിച്ചാണ് അനധികൃത തീര്‍ഥാടകരെ പിന്നീട് എയര്‍പോര്‍ട്ടുകളിലും മറ്റും പിടികൂടിയത്. ഇഖാമ, തൊഴില്‍ നിയമലംഘനത്തിനു നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവേശനവിലക്കാണു ബാധകം. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആശ്രിതര്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രിത ലെവി നിര്‍ബന്ധമാണ്.
റീഎന്‍ട്രി വിസയില്‍ സ്വദേശങ്ങളിലേക്കു പോകുന്നവരുടെ വിസ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാന്‍ കഴിയില്ല. ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് 60 ദിവസത്തിനകം രാജ്യം വിട്ടിരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ആയിരക്കണക്കിനു വിദേശ തീര്‍ഥാടകര്‍ അനധികൃതമായി സഊദിയില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്താനില്‍നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയതും പാകിസ്താനില്‍നിന്നാണ്. ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്.
കഴിഞ്ഞ ഉംറ സീസണില്‍ സഊദിയിലെത്തിയ വിദേശ തീര്‍ഥാടകരില്‍ പലരും വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്കു മടങ്ങിയിട്ടില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അല്‍ ഹയാത്ത് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍നിന്നെത്തിയ 1,453,440 തീര്‍ഥാടകരില്‍ 6,905 പേര്‍ മടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നൈജീരിയയില്‍നിന്നുള്ള 1,629 തീര്‍ഥാടകരും, ഈജിപ്തില്‍നിന്നുള്ള 1,081 തീര്‍ഥാടകരും ഇന്തോനേഷ്യ, സുദാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 592 തീര്‍ഥാടകര്‍ വീതവും ഇങ്ങനെ അനധികൃതമായി രാജ്യത്ത് തങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."