കണ്ടു പഠിക്കാം 'ബിശ്വ ബംഗ്ലയെ'
കൊല്‍ക്കത്ത: എങ്ങനെ ഫുട്ബോള്‍ ലോകകപ്പ് സംഘടിപ്പിക്കണം. കാണികളെ എങ്ങനെ വരവേല്ക്കണം. അതിഥികളോട് ആദരവ് പ്രകടിപ്പിക്കേണ്ടത് എങ്ങനെ. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് കാണികള്‍ ഒഴുകിയത് എങ്ങനെയെന്ന് കൊല്‍ക്കത്തയില്‍ നിന്ന് കേരളത്തിന് പഠിക്കാന്‍ പാഠങ്ങളേറെ. അനാവശ്യമായ സുരക്ഷ കുരുക്കുകളില്ല. വേലിക്കെട്ടുകളില്ല. ഗാലറിക്ക് വീര്‍പ്പുമുട്ടാതെ ആര്‍ത്തുല്ലസിക്കാം.
കൗമാര ലോകകപ്പ് ആവേശവും ആഘോഷവുമാണ്. അത് എങ്ങനെ വിജയിപ്പിക്കാം എന്നതാണ് കൊല്‍ക്കത്ത നല്കുന്ന പാഠം. കാണികള്‍ക്ക് മേലെ സുരക്ഷയുടെ മുള്‍ക്കിരീടം എടുത്തണിയിച്ച് വേലിക്കെട്ടുകള്‍ തീര്‍ത്ത കേരളത്തിലെ സംഘാടകരും പൊലിസും കണ്ടു പഠിക്കണം കൊല്‍ക്കത്തയെയും സുരക്ഷാ സേനയെയും.
സാള്ട്ട്ലേക്കില് കനത്ത സുരക്ഷാ വലയം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പരിശോധനകള്‍ നടത്തി തന്നെയാണ് കാണികളെ ഗാലറിയിലേക്ക് പ്രവേശിപ്പിക്കുന്നതും. എന്നാല്‍, അതിനൊരു ആതിഥ്യ മര്യാദയുണ്ട്. സ്നേഹമുണ്ട്. അധികാരത്തിന്റെ ഗര്‍വ് എവിടെയും കണ്ടില്ല. കൊച്ചിയില്‍ മാത്രമാണ് അധികാര ഗര്‍വ് കണ്ടത്. എല്ലാം ഫിഫയുടെ തലയില്‍ ചാരിയായിരുന്നു കൊച്ചിയിലെ വേലിക്കെട്ട്. ഇവിടെയും ഫിഫ തന്നെയല്ലെ സംഘാടകര്‍. ഫിഫയുടെ നിര്ദേശങ്ങളല്ലെ നടപ്പാക്കുന്നത്. ആര്‍ക്കും പരാതിയും പരിഭവവുമില്ല. എവിടെയും കാല്പന്തുകളിയാരവം മാത്രം. കൊച്ചിയില്‍ ചിലര്‍ രാജാവിനേക്കാള്‍ വലിയ രാജ ഭക്തരായി കാണികളെ വെറുപ്പിച്ചു. ഉപ്പുതടാക തീരത്തെ ദീദിയുടെയും ദാദയുടെയും നാട് കൗമാര ലോകകപ്പിനെ ആഘോഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."