ചീക്കോട് കുടിവെള്ള പദ്ധതി; പുളിക്കല്‍ പഞ്ചായത്തില്‍ വെള്ളം കിട്ടിയ ശേഷം മാത്രം പുറത്തേക്കെന്ന് ഭരണസമിതി
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് കോമ്പറമ്പിലെ ടാങ്കില്‍ നിന്നും പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് വെള്ളം ലഭ്യമാക്കിയ ശേഷം മാത്രമേ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കകയുള്ളൂവെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ടാങ്കില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ രണ്ട് റോഡുകളില്‍ ചാല് കീറാന്‍ അനുമതിക്കായി സംസ്ഥാന ജലവകുപ്പ് പുളിക്കല്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. വലിയപറമ്പ് അലക്കപറമ്പ്-കോമ്പറമ്പ് കോളനി റോഡ്, മലാട്ടിക്കല്‍ കോമ്പറമ്പ് കോളനി റോഡ് എന്നിവ വെട്ടിപ്പൊളിക്കാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനം ജല വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് സംഭരണി സ്ഥിതി ചെയ്യുന്ന വലിയപറമ്പില്‍ വാര്‍ഡ് അംഗവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചീരങ്ങന്‍ മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പരിസര വാര്‍ഡുമെമ്പര്‍മാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ഭരണസമിതി തീരുമാനപ്രകാരം മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡംഗങ്ങളായ കെ.വി ഹുസ്സന്‍കുട്ടി, കെ.എം ബിച്ചാപ്പു, കെ.എം സിദ്ദീഖ്, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, എന്‍ സത്യന്‍, കെ.പി ഷാഫി, കെ.എം ഇസ്മാഈല്‍, മുജീബ് സംസാരിച്ചു.
ചീക്കോട് പദ്ധതിക്കായി ഓരോ പഞ്ചായത്തിലും സംഭരണികള്‍ നിര്‍മിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പരിധിയിലും സംഭരണികളുണ്ട്. എന്നിട്ടും കിലോമീറ്ററുകള്‍ അകലെയുള്ള പുളിക്കല്‍ പഞ്ചായത്തിലെ സംഭരണിയില്‍ നിന്നും വെള്ളം കൊണ്ടുപോകാന്‍ സംസ്ഥാന ജല വകുപ്പും വിമാനത്താവള അതോറിറ്റിയും കരാറുണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."