മരവട്ടത്ത് ഗെയില്‍ കൈയേറ്റം; പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി
കാടാമ്പുഴ: മരവട്ടത്ത് ഗെയില്‍ ഉദ്യോഗസ്ഥര്‍ തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, ജില്ലാ പൊലിസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരില്ലാത്ത സമയത്തെത്തി ഭൂമി കൈവശപ്പെടുത്തി. അല്‍പസമയത്തിനു ശേഷം പ്രദേശത്തെത്തിയ സമരക്കാരും നാട്ടുകാരും പൊലിസുമായി ഏറ്റുമുട്ടി. സംഭവത്തില്‍ ഇരുപതോളം പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ മരവട്ടം ഗ്രെയ്‌സ് വാലി കോളജിനു സമീപം വന്‍ പൊലിസ്‌സന്നാഹത്തോടെ ഭൂമി കൈവശപ്പെടുത്താന്‍ എത്തിയെങ്കിലും സമരക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിന് ശേഷം മറ്റുനടപടികളിലേക്ക് നീങ്ങാമെന്ന തീരുമാനത്തില്‍ സമരക്കാരും പൊലിസും ഗെയില്‍ അധികൃതരും പിന്മാറുകയായിരുന്നു.
ഉച്ചക്ക് ശേഷം ജില്ലാ പൊലിസ് മേധാവി ദേബേശ്കുമാര്‍ ബെഹ്‌റ മരവട്ടത്തെത്തി പൊലിസിനെയും ഗെയില്‍ അധികൃതരെയും തിരികെവിളിപ്പിച്ച് നേരത്തെ മാര്‍ക്ക് ചെയ്ത സ്ഥലത്ത് മരങ്ങള്‍ മുറിച്ചുമാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികളാരംഭിച്ചു. നേരത്തെ സമര രംഗത്തുണ്ടായിരുന്നവരെല്ലാം ഈ സമയം ഭക്ഷണം കഴിക്കാനും മറ്റുമായി പോയിരുന്നു. പിന്നീട് തടിച്ചുകൂടിയ സമരനേതാക്കളും പൊലിസും തമ്മില്‍ ഏറ്റുമുട്ടി.
ഗെയില്‍അധികൃതരുടെ അനധികൃത കൈയേറ്റത്തിനെതിരെ പ്രതിരോധം തീര്‍ത്ത മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എം.ഹംസ മാസ്റ്റര്‍, സമര സമിതി ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ പി.എ സലാം, വൈസ് ചെയര്‍മാന്‍ ഇഖ്ബാല്‍ കൊടക്കാടന്‍, ഒ.കെ സുബൈര്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം പേരെയാമ് പൊലിസ് അറസ്റ്റു ചെയ്തത്.
സമരത്തിന് സമരസമിതി ജില്ലാ ചെയര്‍മാന്‍ പി.എ സലാം, വൈസ് ചെയര്‍മാന്‍ ഇഖ്ബാല്‍ കൊടക്കാടന്‍, ജോയിന്റ് കണ്‍വീനര്‍ കെ മന്‍സൂര്‍, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീന്‍കുട്ടിമാസ്റ്റര്‍, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന്‍, മെമ്പര്‍മാരായ മണി, മുസ്തഫ, വി.എ റഹ്മാന്‍, സലീം, കടക്കാടന്‍ സലീം, കടക്കാടന്‍ നാണി, ഒളകര കുഞ്ഞിമാനു, അബുഹാജി കാലൊടി, എം.ഹംസ മാസ്റ്റര്‍, മാട്ടില്‍ കുഞ്ഞാപ്പ ഹാജി, കെ.പി സൈതുട്ടി, നെയ്യത്തൂര്‍ കുഞ്ഞിപ്പ നേതൃത്വം നല്‍കി.
അതിനിടെ ജനപ്രതിനിധികളെ അറസ്റ്റു ചെയ്തത് പൊലിസ് മാനദണ്ഡം പാലിക്കാതെയാണെന്ന ആരോപണം ശക്തമായി. ഇന്ന് കൂടുതല്‍ സമരക്കാരെ അണിനിരത്തി ഗെയില്‍ അധികൃതരുടെ കൈയേറ്റശ്രമങ്ങളെ നേരിടാനാണ് നാട്ടുകാരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."