അഅ്സംഖാനെതിരേ ബുലന്ദ്ശഹര്‍ കേസിലെ ഇരയായ 14കാരി സുപ്രിം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി അഅ്സംഖാനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗക്കേസിലെ ഇര 14കാരി പെണ്‍കുട്ടി സുപ്രിംകോടതിയെ സമീപിച്ചു. ബുലന്ദ്ശഹര്‍ ബലാത്സംഗക്കേസ് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ ഗുഢാലോചനയാണെന്ന് അഅ്സംഖാന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ നാണംകെടുത്താന്‍ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയാണോ ഇതെന്ന് അന്വേഷിക്കണം. അധികാരത്തിലെത്താന്‍ ചിലര്‍ ഏതുവരെയും തരംതാഴുമെന്നും അഅ്സംഖാന് പറഞ്ഞിരുന്നു. ഇതിനെതിരേ പെണ്‍കുട്ടിയും പിതാവും രംഗത്തെത്തിയിരുന്നു.
തനിക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കണമെന്നും കുടുംബത്തിനും തനിക്കും പുനരധിവാസവും സുരക്ഷയുമൊരുക്കണമെന്നും കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കേസില്‍ നടക്കുന്ന അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 30നാണ് ബുലന്ദ്ശഹര്‍ ബലാത്സംഗം നടക്കുന്നത്. നോയിഡയില്‍ നിന്ന് ഷാജഹാന്‍പൂരിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന പെണ്‍കുട്ടിയെയും മാതാവിനെയും കൊള്ളക്കാരുടെ സംഘം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."