എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍: പ്രായപരിധി കഴിയാറായിട്ടും നിയമനത്തിന് ശുപാര്‍ശയില്ല
കുറ്റ്യാടി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളോളം കൃത്യമായി റജിസ്‌ട്രേഷന്‍ പുതുക്കി വരുന്നവര്‍ക്ക് പ്രായപരിധി കഴിയാറായിട്ടും നിയമനത്തിന് ശുപാര്‍ശ ലഭിക്കുന്നില്ല.
50 വയസാണ് എംപ്ലോയ്‌മെന്റില്‍ നിന്ന് ജോലിക്ക് പരിഗണിക്കുന്നതിനുള്ള പ്രായപരിധി. 1983ല്‍ റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഈ വരുന്ന ഡിസംബര്‍ വരെ മാത്രമേ ജോലിക്ക് പരിഗണിക്കുന്നതിന് അവസരം ലഭിക്കുകയുള്ളു.
പല ദിവസങ്ങളിലും എംപ്ലോയിമെന്റില്‍ കയറിയിറങ്ങി അവസരം അന്വേഷിക്കുകയാണ് ഇവരില്‍ പലരും. വടകര താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ പാര്‍ടൈം ജീവനക്കാരുടെ നിരവധി ഒഴിവുകള്‍ നിലവിലുണ്ടെങ്കിലും ഒന്നു പോലും എംപ്ലോയ്‌മെന്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ തയാറാകാത്തതാണ് അര്‍ഹരായ പലര്‍ക്കും അവസരം നഷ്ടപ്പെടാന്‍ കാരണം. ജില്ല, താലൂക്ക്, ആശുപത്രികള്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പഞ്ചായത്ത് ഓഫിസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുകളിലെല്ലാം താല്‍ക്കാലികക്കാരെ ദിവസ വേതനത്തിനും, സര്‍വിസില്‍ നിന്ന് റിട്ടയര്‍ ചെയ്തവരെയും നിയമിക്കുന്ന സ്ഥിതിയാണുള്ളത്.
എംപ്ലോയ്‌മെന്റില്‍ റജിസ്റ്റര്‍ ചെയ്ത് മുപ്പതിലേറെ വര്‍ഷം കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും അവസരം ലഭിക്കാത്തവരാണ് പലരും.
ഡിസംബര്‍ മാസത്തോടെ പ്രായപരിധി കഴിയുന്നവര്‍ക്ക് നിയമനം നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."