നടുവണ്ണൂര്‍ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യമുക്തമാവുന്നു
നടുവണ്ണൂര്‍: ജലനിധി ഉള്‍പ്പെടേയുള്ള വിവിധ ശുചിത്വപദ്ധതികളിലൂടെ നടുവണ്ണൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്ത പഞ്ചായത്താവുന്നു. 'സീറോ വെയ്സ്റ്റ് ' പ്രഖ്യാപനം നവംബര്‍ ഒന്നിന് നടത്തും.
ഖരമാലിന്യ സംസ്‌കരണത്തിന് കാവുന്തറയിലും നടുവണ്ണൂരിലും ആരംഭിച്ച തുമ്പൂര്‍മുഴി എയറോബിക് സംസ്‌കരണ പ്ലാന്റുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. കാവുന്തറ യു.പി സ്‌കൂളില്‍ നടക്കുന്ന പരിപാടി രാവിലെ 11ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ വാര്‍ഡുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നിറവു വേങ്ങേരിയുടെ സഹകരണത്തോടെ കര്‍ണാടകയിലേക്ക് കയറ്റി അയച്ചുകൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് തുടക്കമിട്ടത്. 28 ലോഡ് മാലിന്യമാണ് കയറ്റി അയച്ചത്. പിന്നീട് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചിത്വാവബോധ ക്ലാസുകള്‍ നടത്തി. പ്രാധമിക പ്രവര്‍ത്തനത്തിന് ഏഴുലക്ഷം രൂപ ജലനിധി അനുവദിച്ചു.
80 ശുചിത്വ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വീടുകളിലെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിന് മൂന്നുതരം പ്രത്യേക സംഭരണ ബാഗും നല്‍കി.
വീടുകളില്‍ സംഭരിക്കുന്ന അജൈവ വസ്തുക്കള്‍ മൂന്നുമാസം കൂടുമ്പോള്‍ പഞ്ചായത്ത് ഏറ്റുവാങ്ങി സംസ്‌കരിക്കും. വീടുകളിലെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് മണ്ണിര-റിങ് കംപോസ്റ്റുകളും സ്ഥാപിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിന് 150 റിങ്ബിന്നുകള്‍ വിവിധകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും തുണിസഞ്ചികള്‍ ഇതിനകം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."