സീറോ വേസ്റ്റ് പദ്ധതി: ജില്ലാതല ഉദ്ഘാടനം നാളെ ഫറോക്കില്‍
ഫറോക്ക്: ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള സീറോ വേസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നാളെ ഫറോക്കില്‍ നടക്കും. ഫറോക്ക് നഗരസഭ ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിനായി തയാറാക്കിയ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്ത് പദ്ധതിക്ക് തുടക്കമിടും. നഗരസഭയും ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി നാളെ രാവിലെ 11ന് ഫറോക്ക് റോയല്‍ അലൈന്‍സ് ഓഡിറ്റോറിയത്തിലാണ് നടക്കുക. സീറോ വേസ്റ്റ് പദ്ധതിയുടെയും അജൈവ മാലിന്യസംസ്‌കരണത്തിനായുള്ള എം.ആര്‍.എഫ് പ്ലാന്റിന്റെയും ഉദ്ഘാടനം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ നിര്‍വഹിക്കും. ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും.
സീറോ വേസ്റ്റ് പദ്ധതിക്കായുള്ള സംവിധാനം പൂര്‍ണതോതില്‍ തയാറാക്കിയ ജില്ലയിലെ ഏക നഗരസഭയാണ് ഫറോക്ക്. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഫറോക്കിലെ മാലിന്യനിര്‍മാര്‍ജന പ്ലാന്റുകള്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചിരുന്നു. സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനത്തിന് ആദ്യഘട്ടമായി 35 ലക്ഷം രൂപയുടെ പദ്ധതികളാണ് ഫറോക്ക് നഗരസഭ നടപ്പാക്കുന്നത്. ജൈവമാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡലും അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരണം നടത്തുന്നതിനായി എം.ആര്‍.എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി) ഷെഡിന്റെ പ്രവര്‍ത്തനവും നാളെ തുടങ്ങും.
ഗ്രീന്‍ വോംസുമായി സഹകരിച്ചാണ് അജൈവമാലിന്യ ശേഖരണം നടത്തുന്നത്. വീടുകളില്‍നിന്നും കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി 40 കുടുംബശ്രീ പ്രവര്‍ത്തകരടങ്ങിയ ഹരിതകര്‍മ സേന രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മൂന്നു മാസത്തിലൊരിക്കല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് എം.ആര്‍.എഫ് സെന്ററിലെത്തിക്കും.
ഓരോ വീടുകളില്‍ നിന്നും മാലിന്യശേഖരണത്തിനു 100 രൂപ തോതില്‍ ഫീസും നഗരസഭ ഈടാക്കും. വേര്‍തിരിക്കുന്ന മാലിന്യം പൊടിച്ചു വിവിധ ഉല്‍പന്നങ്ങളുടെ അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനുള്ള ബെയിലിങ് ആന്‍ഡ് ഷ്രഡിങ് യൂനിറ്റ് നിര്‍മാണവും നഗരസഭ ഉടന്‍ ആരംഭിക്കും. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് അജൈവമാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി നടപ്പിലാക്കുക.
ഗ്രീന്‍വോംസ്, ക്ലീന്‍ കേരള എന്നീ കമ്പനികളുമായുള്ള കരാറുകളും നാളെ ഒപ്പുവയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. റുബീന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ബല്‍ക്കീസ്, എം. ബാക്കിര്‍, ടി. നുസ്‌റത്ത്, പി. ആസിഫ്, എച്ച്.ഐ അഭിലാഷ് ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."