സഹകരണ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം നവം. 14ന്
കോഴിക്കോട്: 64-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 14ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.
ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ഉദ്ഘാടന, പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി രാവിലെ ഒന്‍പതിന് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക പതാക ഉയര്‍ത്തും. 11.30ന് ആരംഭിക്കുന്ന സെമിനാറില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് 'ജി.എസ്.ടിയും നവകേരള വികസനവും' വിഷയത്തില്‍ സംസാരിക്കും.
വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നിന്ന് മുതലക്കുളം മൈതാനം വരെ സഹകരണ ഘോഷയാത്ര നടക്കും. അഞ്ചിന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. നവംബര്‍ 10ന് വൈകിട്ട് അഞ്ചിന് വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട് ടൗണ്‍, ഫറോക്ക്, താമരശ്ശേരി, കുന്ദമംഗലം ടൗണുകളില്‍ സഹകരണ വാരാഘോഷ വിളംബര ജാഥകള്‍ നടക്കും.
വാരാഘോഷത്തോട് അനുബന്ധിച്ച് ഹരിത കേരളം, ശുചിത്വ കേരളം പദ്ധതികളുമായി സഹകരിച്ച് 2018 വിഷുവിന് മുന്‍പ് വിളവെടുക്കാന്‍ കഴിയുന്ന രീതിയില്‍ 1000 ജൈവ കൃഷിയിടങ്ങളും 250 മഴക്കുഴി നിര്‍മാണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഹരിതം സഹകരണം എന്ന പേരില്‍ ജില്ലയിലെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, പി.കെ.പുരുഷോത്തമന്‍, എം. ഭാസ്‌കരന്‍, പി.കെ സുരേഷ്, ടി.എച്ച് ഹരീഷ്‌കുമാര്‍, പി.എസ് മനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."