'ഐ ആം ഹാദിയ' ഡോക്യുമെന്ററി പ്രകാശനം ചെയ്തു
കോഴിക്കോട്: 'രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ഒരിക്കല്‍ ഞാനും ഹാദിയയും ഒരുമിക്കും...' കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ തിരമാലയെ സാക്ഷിയാക്കി ഷെഫിന്‍ ജഹാന്‍ പറഞ്ഞു നിര്‍ത്തി. ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത 'ഐ ആം ഹാദിയ' ഡോക്യുമെന്ററി അവസാനിച്ചത് ഇങ്ങനെയാണ്.
ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ മാസങ്ങളായി വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും മുഖ്യ പ്രമേയമാക്കിയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്ത, തമിഴ് സാമൂഹ്യ പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായകയുമായ ദിവ്യാ ഭാരതിക്കു നല്‍കി പ്രകാശനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരേ പൗരസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിറ്റ്‌ലറുടെ പ്രയോഗങ്ങളാണ് സംഘ്പരിവാര്‍ പിന്തുടരുന്നത്. അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊലപ്പെടുത്തുകയും പിന്നീട് അവരെക്കുറിച്ച് തെറ്റായ കഥകള്‍ പ്രചരിപ്പിക്കുകയുമാണ് അവരുടെ രീതി. ഇതിന്റെ ഭാഗമായാണ് വടക്കേന്ത്യയില്‍ ലൗ ജിഹാദ് എന്ന പ്രചാരണ തന്ത്രത്തിന് ഇവര്‍ രൂപം കൊടുത്തത്.
ഈ മുദ്രാവാക്യം കേരളത്തില്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് ഹാദിയ വിഷയത്തിലൂടെ നടക്കുന്നത്. ജനങ്ങളെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിയമത്തിന്റെ സാങ്കേതികത്വങ്ങളില്‍ തളച്ചും സംഘ്പരിവാര്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ മാറ്റിപ്പണിയുമ്പോഴും സ്റ്റാര്‍ട്ടപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കൃത്രിമ മുദ്രാവാക്യങ്ങളുമായാണ് മോദി ജനങ്ങളെ കബളിപ്പിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടി.യുമെല്ലാം മോദി സര്‍ക്കാരിന്റെ ഇത്തരം മുദ്രാവാക്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചതായും അമിത് സെന്‍ഗുപ്ത കൂട്ടിച്ചേര്‍ത്തു.
വിളയോടി ശിവന്‍കുട്ടി അധ്യക്ഷനായി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു, കെ.എച്ച് നാസര്‍, ഗോപാല്‍ മേനോന്‍, നിഷ പൊന്തത്തില്‍, ടി.കെ അബ്ദുസ്സമദ്, കെ.പി.ഒ റഹ്മത്തുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."