കാസ്‌ട്രോയുടെ നവതി ആഘോഷമാക്കി ക്യൂബ
ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ നവതി ക്യൂബ ആഘോഷപൂര്‍വം കൊണ്ടാടി. ഹവാനയിലും രാജ്യത്തെ മറ്റു തെരുവുകളിലും കരിമരുന്നു പ്രയോഗവും ആഘോഷ പരിപാടികളും അരങ്ങേറി. പുതിയ യു.എസ് എംബസിക്ക് പുറത്തുള്ള പ്ലാസയിലും ബാന്‍ഡ്‌മേളത്തോടെ ആഘോഷങ്ങള്‍ അരങ്ങേറി. 1959ലെ ക്യൂബന്‍ വിപ്ലവത്തിനു ചുക്കാന്‍ പിടിച്ച കാസ്‌ട്രോയ്ക്ക് 90 മീറ്റര്‍ നീളമുള്ള ചുരുട്ട് സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആദരവ് പ്രകടിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ചുരുട്ടായ ഇത് ഗിന്നസ് ബുക്കില്‍ ഇടം തേടുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
കാസ്‌ട്രോയുടെ ജീവചരിത്രം വെളിപ്പെടുത്തുന്ന എക്‌സിബിഷനുകളും മറ്റും രാജ്യവ്യാപകമായി നടന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് കാസ്‌ട്രോ ക്യൂബയുടെ അധികാരം 2008 ല്‍ ഇളയ സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറിയിരുന്നു. ചരിത്രനേതാവായ കാസ്‌ട്രോയ്ക്ക് ക്യൂബയില്‍ പരമോന്നത പദവിയുണ്ട്.
സിഗാര്‍ നിര്‍മാതാവായ ജോസ് കാസ്റ്റലറാണ് കാസ്‌ട്രോയ്ക്ക് വേണ്ടി 90 മീറ്റര്‍ നീളമുള്ള ചുരുട്ട് നിര്‍മിച്ചത്. ലോകത്തെ ഏറ്റവും വലിയ ചുരുട്ടാണ് ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സഹായികളോടൊത്ത് ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്ത് 12 ദിവസമെടുത്താണ് അദ്ദേഹം ചുരുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഹവാനയിലെ പഴയ കൊളോണിയല്‍ കോട്ടയില്‍ ചുരുട്ട് പ്രദര്‍ശനത്തിന് വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."