സ്കൂളുകള്‍ ജനുവരി 30നകം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണം: വിദ്യാഭ്യാസ മന്ത്രി
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ജനുവരി 30നകം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
കണ്ണൂര്‍ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിജയതിലകം 2017' ന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പ്രഖ്യാപനം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഹൈടെക് ആക്കുകയാണ്. നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ഹൈടെക് ആക്കും. ഈ ആധുനിക സംവിധാനം അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഇതിനായി സമഗ്ര എന്നപേരില്‍ പദ്ധതി നടപ്പിലാക്കും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഈ വര്‍ഷം 1,45,208 കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നു. സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ വരുന്നത് കേരളത്തിലെ മാറ്റമാണ്. ഇത് നിലനിര്‍ത്താന്‍ കഴിയണം. ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. പൊതുവിദ്യാലയങ്ങളാണ് മികച്ചതെന്ന തോന്നല്‍ പഠനാന്തരീക്ഷത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കാനാവണം. അക്കാദമിക് മികവാണ് സ്കൂളുകളുടെ മികവെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി എം.പി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."