ഇത് റോഡോ തോടോ...?
ഇരിട്ടി: എടൂര്‍ കാരാപറമ്പ് വീര്‍പ്പാട് റോഡിനോടുള്ള അവഗണനക്കെതിരേ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍.
പ്രധാനമന്ത്രി സഡക് യോജനയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ജില്ലാ പഞ്ചായത്ത് കൈമാറിയ റോഡ് നിലവില്‍ കാല്‍നട യാത്ര പോലും പറ്റാത്ത വിധത്തില്‍ തകര്‍ന്നിരിക്കുകയാണ്.
അഞ്ചിലധികം ബസുകള്‍ സര്‍വിസ് നടത്തുന്ന ഈ റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ മൂലം ബസുകളും സര്‍വിസ് നിര്‍ത്താന്‍ പോവുകയാണ്. വീര്‍പ്പാട് എസ്.എന്‍ കോളജ്, എടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആറളം പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്നതിന് മേഖലയിലുള്ള നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്നതാണ് ഈ റോഡ്.
കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഈ റൂട്ടില്‍ ഓട്ടോറിക്ഷകളും സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്. 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തി റോഡ് മെയിന്റനന്‍സിന് എസ്റ്റിമേറ്റ് തയ്യാറാക്കി നടപടികള്‍ ആരംഭിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു.
പ്രതിഭ എസ്.എച്ച്.ജി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നു ഈ വര്‍ഷത്തെ പദ്ധതിയില്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നാണ് വിവരം. റോഡിനോടും പ്രദേശവാസികളോടുമുള്ള അവഗണനക്കെതിരേ നാട്ടുകാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങാനാണ് പ്രതിഭ പുരുഷ സ്വയം സഹായ സംഘം യോഗത്തിന്റെ തീരുമാനം. പ്രസിഡന്റ് ടി.ടി തോമസ്, സെക്രട്ടറി തോമസ് തകിടിയേല്‍, ബിന്‍സ് തോണാട്ട്, ബിജു കുറ്റിക്കാട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."