1000 യന്ത്രവല്‍കൃത ചകിരി സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കും: മന്ത്രി
തളിപ്പറമ്പ്: നാളികേര മേഖലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് 1000 യന്ത്രവല്‍കൃത ചകിരി സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന സമൃദ്ധി പദ്ധതിയുടെ ഭാഗമായി അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചകിരി നിര്‍മാണ യൂനിറ്റില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊണ്ടുകളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്നതാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളി. പ്രശ്‌നം പരിഹരിക്കുന്നതിന് കൃഷി ഓഫിസുകള്‍ക്കു കീഴിലെ ആഗ്രോ സര്‍വിസ് സെന്ററുമായി ബന്ധിപ്പിച്ച് നാളികേര ടെക്‌നീഷ്യന്‍മാരുടെ സംഘത്തെ വാര്‍ത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ വഴിയാണ് ചകിരി സംസ്‌ക്കരണ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക. തൊഴിലാളികള്‍ക്ക് ദിവസം 600 രൂപയെങ്കിലും കൂലി കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ യൂനിറ്റ് തുടങ്ങൂ. ഇതിന് വ്യവസായത്തിനനുസൃതമായ അച്ചടക്കവും തൊഴില്‍ രീതിയും വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൃദ്ധി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ക്ലസ്റ്ററുകള്‍ ഉപയോഗപ്പെടുത്തി യന്ത്രത്തിന്റെ സഹായത്തോടെ തെങ്ങ് കയറുന്നതിനടക്കമുള്ള സംവിധാനങ്ങള്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ ആരംഭിക്കുമെന്ന് ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ചര്‍ച്ചയില്‍ കയര്‍ വികസന വകുപ്പ് ഡയരക്ടര്‍ എന്‍. പത്മകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ്, പി.വി ശശീന്ദ്രന്‍, എന്‍.ആര്‍ ജോയ്, അജിത്ത് മത്തായി, കെ.വി പ്രമോദ്, കെ.ആര്‍ അനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."