മാലിന്യ നിര്‍മാര്‍ജനം; ബദല്‍ സംവിധാനം ഒരുക്കാതെ നഗരസഭ
തൊടുപുഴ: നഗരത്തിലെയും പ്രാന്തമേഖലയിലേയും മുഴുവന്‍ മാലിന്യങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തീരുമാനിച്ചെങ്കിലും ബദല്‍ സംവിധാനം ഇനിയും ഒരുക്കാതെ നഗരസഭ. അതേസമയം, നവംബര്‍ ഒന്നുവരെയേ വീടുകളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കൂ എന്ന തീരുമാനം ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ രണ്ടാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. പകരം സംവിധാനം നടപ്പാക്കാനന്‍ സാധിക്കാതെ വന്നത് കൗണ്‍സില്‍ നീണ്ട ചര്‍ച്ചയ്്ക്കു വഴിവച്ചു.
നവംബര്‍ ഒന്നുമുതല്‍ വീടുകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്താലാക്കാമെന്നാണ് നേരത്തെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ബദല്‍ സംവിധാനം തീരുമാനമാവാത്തതിനാല്‍ രണ്ടാഴ്ച കൂടി കഴിഞ്ഞ് നിയമം പ്രാബല്യത്തിലാക്കമെന്ന അഭിപ്രായം കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. മാലിന്യം എടുക്കുന്നത് നിര്‍ത്താനുള്ള നടപടി സ്വീകരിച്ചിട്ടും അതിനൊരു ബദല്‍ സംവിധാനം കൊണ്ടുവരാന്‍ ചേയര്‍പേഴ്‌സണ്‍ യോഗം വിളിക്കാത്തതില്‍ കൗണ്‍സിലര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചു.
പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നപോലെ മാലിന്യം കൂടുതല്‍ പുറംതള്ളുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക, മാലിന്യങ്ങള്‍ തരംതിരിക്കാന്‍ പ്രത്യേക യൂനിറ്റിനെ നിയമിക്കുക, കുടുംബശ്രീ അംഗങ്ങളെ 600 രൂപ ദിവസവേതനം നല്‍കി നഗരസഭ മാലിന്യ നിര്‍മാര്‍ജന പരിപാടിയില്‍ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് തീരുമാനമായി.
മാലിന്യനീക്കം സംബന്ധിച്ച കാര്യങ്ങളില്‍ നഗരസഭയാണ് തിരുമാനം എടുക്കേണ്ടതെന്നും ഹെല്‍ത്ത് കമ്മിറ്റിക്ക് നഗരസഭയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനെ കഴിയുകയുള്ളുവെന്നും കൗണ്‍സിലില്‍ അഭിപ്രായമുണ്ടായി. വിയറ്റ്‌നാം കോളനി റോഡില്‍ പൈപ്പുകള്‍ നിരവധി സ്ഥലത്ത് പൊട്ടിക്കിടക്കുന്നത് അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
വൈദ്യുതി ലൈനിലെ ടച്ചുകള്‍ വെട്ടിയിട്ട് റോഡില്‍ത്തന്നെ ഇടുന്ന ജീവനക്കാരുടെ പ്രവൃത്തി നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കൗണ്‍സില്‍ പരാതിപ്പെട്ടു.
പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാനുള്ള നൂതന നടപടികള്‍ സ്വീകരിക്കുമെന്നും സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കുമെന്നും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഫണ്ടുകളുടെ അപര്യാപ്തത ഉടന്‍ പരിഹരിക്കുമെന്നും ചേയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."