ജൈവകൃഷി വിളയിച്ച് പാടശേഖര സമിതി
കൂറ്റനാട്: ജൈവ നെല്‍കൃഷിയില്‍ വിജയഗാഥയുമായി വ്യത്യസ്ഥമാവുകയാണ് ഇട്ടോണം പാടശേഖര സമിതി. പുതുതായി അമ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്താണ് പാടശേഖര സമിതിയിലെ നെല്‍കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. കൃഷി പൂര്‍ണമായും ജൈവ രീതിയിലാണ്.
സംസ്ഥാന വിത്തു വികസന കോര്‍പ്പറേഷനു വേണ്ടിയുള്ള വിത്തുല്‍പ്പാദനത്തിനായാണ് ഈ കൃഷി. ഉമയെന്ന നെല്‍വിത്താണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ശ്രേയസ് എന്ന നെല്‍വിത്ത് വിത്തുല്‍പാദനത്തിനായി ഉപയോഗിച്ചെങ്കിലും വേണ്ടത്ര വിജയമായില്ലന്ന് പാടശേഖര സമിതിയിലെ കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി കേരള വിത്തു വികസന അതോറിറ്റിക്ക് വേണ്ടിയാണ് പാടശേഖര സമിതി നെല്‍വിത്ത് ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കിലോ നെല്‍വിത്തിന് 30 രൂപ നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ വിത്ത് കര്‍ഷകരില്‍ നിന്നും എടുക്കുന്നത് ഓഗസ്റ്റിലാണ് നെല്‍വിത്ത് ഇട്ടത്. സെപ്റ്റംബറില്‍ ഞാറു പറിച്ചുനടുകയും ചെയ്തു.
വളമായി കോഴിവളം, ചാണകം, പച്ചില എന്നിവയാണ് ഉപയോഗിക്കുന്നത്.
വര്‍ഷങ്ങളായി ടൈകോ കാര്‍ഡാണ് കീട നിയന്ത്രണത്തിനായി കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പാടശേഖര സമിതിയിലെ കര്‍ഷകര്‍ക്ക് ആവശ്യമായ നെല്ല് എടുത്ത ശേഷം ബാക്കി വരുന്നത് വിത്തിനായി സര്‍ക്കാറിനു നല്‍കും.
ഡിസംബര്‍ അവസാനത്തോടെയാണ് നെല്ലു കൊയ്യുന്നത്. കൃഷിക്കാവശ്യമായ നെല്‍വിത്ത് സൗജന്യമായി നല്‍കി വിത്ത് വികസന അതോറിറ്റിയും കൃഷി അറിവുകള്‍ നല്‍കി തിരുമിറ്റക്കോട് കൃഷി ഭവനും കര്‍ഷകര്‍ക്കൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."