ദുരിതമായി കല്‍മണ്ഡപം-ചന്ദ്രനഗര്‍ റോഡ്
പുതുശ്ശേരി: ദേശീയ സംസ്ഥാന പാതകള്‍ കടന്നുപോകുന്ന കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് ശമനമില്ല. ദേശീയ പാത 966 തുടങ്ങുന്ന ചന്ദ്രനഗറില്‍ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോഴും പരിഹരിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍.
കൊച്ചി - സേലം ദേശീയ പാത എറണാകുളം ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കും കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങളും ബസുകളുള്‍പ്പടെയുള്ള വാഹനങ്ങളും പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും ഒലവക്കോട് ഭാഗത്ത് നിന്ന് കോഴിക്കോട് ബൈപാസു വഴി വാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാന പാതയാണ് കല്‍മണ്ഡപം - ചന്ദ്രനഗര്‍ പാത.
കല്‍മണ്ഡപത്തുനിന്ന് ചന്ദ്രനഗറിലേക്ക് 200 മീറ്റര്‍ ദുരം മാത്രമാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോഴും പലപ്പോഴും 10 മിനിറ്റിലധികം സമയമെടുക്കേണ്ടിവരും. ഭാരത് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പാര്‍വ്വതി കല്യാണമണ്ഡപവും ചന്ദ്രനഗറിലാണ് സ്‌കൂളിന്റെ അധ്യയന സമയങ്ങളിലും കല്യാണമണ്ഡപത്തില്‍ പരിപാടികള്‍ നടക്കുമ്പോഴും ഇവിടങ്ങളില്‍ ഏറെ ഗതാഗതക്കുരുക്കാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലിസുകാര്‍ പാടുപെടേണ്ടിവരും.
വാളയാര്‍ - വടക്കഞ്ചേരി പാത നാലു വരിയാക്കിയതോടെ ഈ ഭാഗത്ത് അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലേയും തൃശൂരിലേയും സ്വകാര്യ - മെഡിക്കല്‍ കോളജാശുപത്രികളിലേക്കുള്ള ആംബുലന്‍സുകളും പലപ്പോഴും ഇത്തരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന്‍ വരെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
വണ്‍വേയായതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കല്‍മണ്ഡപം ബൈപാസ് ജങ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുള്ള കരിങ്കരപ്പുള്ളി കനാല്‍ റോഡ് വഴി തൃശൂര്‍ ബൈപാസിലേക്ക് കടത്തിവിട്ടാല്‍ കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാനാവും. ഇത്തരത്തില്‍ കോഴിക്കോട് ബൈപാസ് വഴി വരുന്ന വാഹനങ്ങള്‍ക്ക് കനാല്‍ വഴി ദേശീയ പാതയിലേക്ക് പ്രവേശിച്ച് തൃശൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല. ഇതിനാണ് ക്രമീകരണങ്ങള്‍ നടത്താനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ഇവിടെ മീഡിയന്‍ മുറിക്കുകയും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കല്‍മണ്ഡപം -കോയമ്പത്തൂര്‍ തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാന ബൈപാസിന്റെ പ്രവേശനകവാടമായി കരുതുന്ന ജങ്ഷനില്‍ അപകടസാധ്യതയേറെയുമാണ്.
നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള ഇവിടെ മതിയായ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."