വയലാറിന് പ്രണാമത്തോടെ കേരളപ്പിറവിദിനം
പാലക്കാട്: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച 'വയലാര്‍ രാമവര്‍മ' ഡോകുമെന്ററി പ്രദര്‍ശനത്തോടെ കേരളപ്പിറവി-ഔദ്യോഗിക ഭാഷാവാരത്തിന് തുടക്കമാവും.
നവംബര്‍ ഒന്നിന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളനഹാളിലാണ് പ്രദര്‍ശനം. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും.
എ.ഡി.എം എസ്. വിജയന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ഡോ. സി.പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തും. ഭരണഭാഷാ സേവന ജില്ലാതല പുരസ്‌കാരം നേടിയ ഹിന്ദുമത ധര്‍മസ്ഥാപന ഭരണ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക് കെ. സുദീപിനുള്ള പുരസ്‌കാരം കൈമാറും. തുടര്‍ന്ന് ജീവനക്കാര്‍ ഭരണഭാഷാ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കും. ജില്ലാ ഭരണകാര്യാലയം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ'സൗഹൃദം' സംയുക്തമായാണ് പരിപാടി നടത്തുന്നത്.
നവംബര്‍ രണ്ടിന് രാവിലെ 10ന് വിക്‌ടോറിയ കോളജില്‍'നാട്ടുഭാഷയില്‍ നിന്നും ശ്രേഷ്ഠ ഭാഷയിലേക്ക് ' ശില്‍പശാല നടത്തും. ഉടുക്ക് പാട്ട്, പുള്ളുവന്‍ പാട്ട്, ചീരപ്പാട്ട്, പരിചമുട്ടുകളി പാട്ട്, അയ്യപ്പന്‍ പാട്ട് എന്നിവ തനത് കലാകാരന്‍മാര്‍ അവതരിപ്പിക്കും.
നാടന്‍ പാട്ടുകളെക്കുറിച്ച് ജനാര്‍ദനന്‍ പുതുശ്ശേരി സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, വിക്‌ടോറിയ കോളജ് മലയാളം വിഭാഗവുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
നവംബര്‍ നാലിന് രാവിലെ 10.15ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച ഡോകുമെന്ററി 'ശ്രേഷ്ഠമെന്‍ മലയാളം ' പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 'മലയാള ഭാഷ - കംപ്യൂട്ടറും കടലാസും' വിഷയത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാ കലക്ടര്‍ ഡോ. പി .സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സി.എന്‍ സ്റ്റാര്‍വിന്‍, ലളിത് ബാബു ക്ലാസെടുക്കും.
പൊതുജനങ്ങള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മലയാള ഭാഷാ വാരത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച മൂന്ന് ഡോകുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും, വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി.@സ്‌കൂളിന്റെയും സഹകരണത്തോടെയാണ്, ഒ.എന്‍.വി, വയലാര്‍, ബഷീര്‍ എന്നിവരെക്കുറിച്ചുള്ള ഡോകുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."