വിത്ത് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കും: വി.എസ് സുനില്‍കുമാര്‍
മാള: സംസ്ഥാനത്തെ വിത്ത് വിതരണത്തില്‍ സംഭവിച്ച അപാകതകള്‍ പരിഹരിച്ചു വരികയാണെന്ന് കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍. പൊയ്യ ഗ്രാമ പഞ്ചായത്തില്‍ സന്തോഷ് മാധവന്റെ കയ്യില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത വയലില്‍ ഞാറ് നടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കഴിഞ്ഞ കാലങ്ങളില്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നല്‍കിയതില്‍ 20 ശതമാനം നെല്‍വിത്ത് മാത്രമാണ് വിതരണം ചെയ്തിരുന്നത്. ബാക്കി 80 ശതമാനവും സ്വകാര്യ ഏജന്‍സികളിലേക്കാണ് എത്തിയിരുന്നത്.
ഇതില്‍ 50 കോടിയുടെ അഴിമതി നടന്നതായി സി.എ.ജി കണ്ടെത്തിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിത്ത് വിതരണം കാര്യക്ഷമമാക്കാനായി വിത്ത് വിതരണ അതോറിറ്റിയെ വിതരണം ഏല്‍പ്പിച്ചിരിക്കുകയാണ് . പരാതികള്‍ എല്ലാം പരിഹരിച്ചു വരികയുമാണ്. കര്‍ണ്ണാടക സീഡ് അതോറിറ്റിയുമായി ചേര്‍ന്നാണ് വിത്ത് വിതരണ അതോറിറ്റി വിത്തുകള്‍ വിതരണം ചെയ്യുന്നത്. തരിശ് നിലങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള വലിയ കാമ്പയിനാണ് തൃശൂര്‍ ജില്ലയില്‍ അടക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി 200 ലക്ഷം രൂപ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ട്. ഓരോ എ.ഡി.എമ്മിനും 20 ലക്ഷം രൂപ വിതം ലഭിക്കും. കൃഷിയിലെ ചിലവ് കുറച്ചും ഉത്പന്നങ്ങളില്‍ നിന്നും ഉപോത്പന്നങ്ങളുല്‍പ്പാദിപ്പിച്ചും കാര്‍ഷിക രംഗം ലാഭകരമാക്കാം. നെല്ലുല്‍പ്പാദകരുടെ പ്രതിസന്ധികളില്‍ വലുതായ ഒന്നാണ് നെല്ല് അരിയാക്കാനുള്ള പ്രതിസന്ധി. ഇതിന് പരിഹാരമായി ദിനേന 150 കിലോഗ്രാം നെല്ല് കുത്തി അരിയാക്കാനുള്ള മിനി മില്ല് സംവിധാനം വ്യാപകമാക്കും. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ എട്ട് മിനി മില്ലുകള്‍ നല്‍കും. ഓരോ ബ്ലോക്കിന് കീഴിലും കാര്‍ഷീക കര്‍മ്മസേനക്ക് രൂപം നല്‍കും. തരിശുരഹിത മണ്ഡലം പദ്ധതിയുടെ ഭാഗമായി പൊയ്യ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ആദ്യപടിയായാണ് പത്തേക്കറില്‍ കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നന്‍മ ജെ.എല്‍.ജി കൃഷി സംഘടനയാണ് കൃഷി ചെയ്യുന്നത്. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗിസ് കാച്ചപ്പിള്ളി, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍ വിജയന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയ ചന്ദ്രന്‍, പൊയ്യ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കെ. കരീം, കൃഷി ഓഫിസര്‍ ഷബ്‌നാസ് പടിയത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."