മാട്ടുമല ഫഌറ്റ്; ഗുണഭോക്താക്കള്‍ക്കായി നടപടികള്‍ ആരംഭിച്ചു
വരന്തരപ്പിള്ളി: മാട്ടുമലയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഫ്‌ളാറ്റില്‍ താമസിപ്പിക്കാനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ലൈഫ് പദ്ധതിയില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ എട്ട് കുടുംബങ്ങള്‍ക്കാണ് ഫ്‌ളാറ്റ് നല്‍കാന്‍ നടപടിയായത്. പട്ടികജാതി ആശ്രയ കുടുംബങ്ങള്‍ക്കായി ഒരു കോടി രൂപ ചിലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് മാട്ടുമല മൂന്ന് സെന്റ് കോളനിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. 2015ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയാതെ ഫ്‌ളാറ്റ് കാട്കയറി നശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പാര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായത്. ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയ 600 ലേറെ പേരില്‍ നിന്നാണ് അര്‍ഹരായ എട്ട് കുടുംബങ്ങളെ കണ്ടെത്തുക. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെയാണ് ഫ്‌ളാറ്റിലേക്ക് പരിഗണിക്കുന്നത്. ഇതിനായി പഞ്ചായത്ത് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് ജില്ലാ പഞ്ചായത്തിന് നല്‍കും . ലിസ്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിച്ചതിന് ശേഷം ഫ്‌ളാറ്റ് വരന്തരപ്പിള്ളി പഞ്ചായത്തിന് കൈമാറും. പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ആശ്രയ കുടുംബങ്ങള്‍ ഇല്ലാത്തതാണ് പദ്ധതി നടപ്പിലാകാന്‍ വൈകിയത്. ഇതിനിടെ കഴിഞ്ഞ ഭരണസമിതി നല്‍കിയ 25 കുടുംബങ്ങളുടെ ലിസ്റ്റ് ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. പഞ്ചായത്തില്‍ ആശ്രയ കുടുംബങ്ങള്‍ ഇല്ലാതെ വന്നതോടെ 25 പേരുടെ ലിസ്റ്റ് പുനപരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗ്രാമസേവകരുടെ നേതൃത്വത്തില്‍ ലിസ്റ്റിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ലിസ്റ്റിലും അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പഞ്ചായത്ത് അടിയന്തിര യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."