യമനിലെ ഹൂതി ട്രെയിനിങ് ക്യാംപുകളില്‍ സഖ്യ സേന ബോംബാക്രമണം: 40 ഹൂതി സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികളുടെ ട്രെയിനിങ് ക്യാംപുകള്‍ ലക്ഷ്യമാക്കി അറബ് സഖ്യ സേന നടത്തിയ കനത്ത ബോംബാക്രമണത്തില്‍ ഹൂതികള്‍ക്ക് കനത്ത നാശനഷ്ട്ടം. ക്യാംപില്‍ പങ്കെടുത്ത നാല്പത് ഹൂതി സൈനികര്‍ കൊല്ലപ്പെട്ടതായി അറബ് സഖ്യ സേന അറിയിച്ചു.
ധമര്‍ മേഖലയിലെ പടിഞ്ഞാറും തലസ്ഥാന നഗരിയായ സന്‍ആയുടെ തെക്കു ഭാഗത്തും സ്ഥിതി ചെയ്യുന്ന പരിശീലന ക്യാംപുകള്‍ ലക്ഷ്യമാക്കിയാണ് ചൊവാഴ്ച വ്യോമാക്രമണം നടത്തിയത്.
ഉത്തര യമനിലെ ജവാഫ് മേഖലയില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഹൂതി സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സൂഫി യും കൊല്ലപ്പെട്ടതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയുടെ വടക്ക് ഭാഗത്തുള്ള ജറീഫ് സൈനിക ക്യാമ്പും സഖ്യ സേന ആക്രമിച്ചിട്ടുണ്ട്, എന്നാല്‍, നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.
ഞായറാഴ്ചയ റിയാദില്‍ സഖ്യസേന രാജ്യങ്ങളുടെ യോഗം ചേര്‍ന്ന് യമനിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ശക്തമായ ആക്രമണം നടത്തിയത്. വിമത വിഭാഗമായ പുറത്താക്കപ്പെട്ട സാലിഹ് വിഭാഗ സൈന്യവും ഹൂതികളും തായിസ് നഗരവും സഊദി അതിര്‍ത്തി പ്രദേശവും തുടര്‍ച്ചയായി ആക്രമിക്കുന്നത് അടുത്തിടെ വര്‍ധിച്ചിരുന്നു. ഇതിനെതിരെ റിയാദില്‍ ചേര്‍ന്ന സഖ്യ സേന രാജ്യങ്ങള്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."