കാരിച്ചാല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ വേഗരാജാവ്
ആലപ്പുഴ: ആവേശം അലകടല്‍തീര്‍ത്ത പുന്നമട കായലിലെ സായന്തനത്തില്‍ വേഗതകൊണ്ട് ഓളപ്പരപ്പിനെ കീഴടക്കി കാരിച്ചാല്‍ ചുണ്ടന്‍ വേഗരാജാവായി. കോട്ടയം കുമരകം വേമ്പനാട് ബോട്ട്ക്ലബിന് വേണ്ടി തുഴയെറിഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ശക്തമായ പോരാട്ടത്തിലൂടെയാണ് 64ാമത് നെഹ്‌റുട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.
നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് വേമ്പനാട് ബോട്ട്ക്ലബ് കിരീടം ചൂടുന്നത്. കഴിഞ്ഞതവണ ജവഹര്‍ തായങ്കരി ചുണ്ടനിലൂടെയാണ് വേമ്പനാട് കിരീടം നേടിയത്. കലാശപ്പോരില്‍ 4.22.1 സെക്കന്റില്‍ ഫിനീഷ് ലൈന്‍ കടന്നാണ് കാരിച്ചാല്‍ ചുണ്ടന്റെ വിജയം. ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ 79 തുഴച്ചില്‍കാരും ഒന്‍പത് നിലക്കാരും അഞ്ച് അമരക്കാരുമാണ് അന്‍പത്തിയൊന്നേകാല്‍ കോല്‍ നീളമുള്ള കാരിച്ചാലിനെ കിരീടത്തിലേക്കു നയിച്ചത്. വിവിധ ക്ലബുകള്‍ക്കായി പോരാട്ടത്തിനിറങ്ങിയിട്ടുള്ള കാരിച്ചാല്‍ ചുണ്ടന്റെ 14ാമത്തെ കിരീടധാരണമാണ് ഇന്നലെ നടന്നത്.
4.32.5 സെക്കന്റില്‍ തുഴഞ്ഞെത്തിയ ആലപ്പുഴ കൈനകരി യുനൈറ്റഡ് ബോട്ട്ക്ലബിന്റെ ഗബ്രിയേല്‍ ചുണ്ടന്‍ ഫൈനലില്‍ രണ്ടാമതെത്തി. എടത്വ വില്ലേജ് ബോട്ട് ക്ലബിനായി തുഴയെറിഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം. 4.33.7 സെക്കന്റിലാണ് നടുഭാഗം മൂന്നാമത്തെത്തിയത്. 4.33.8 സെക്കന്റില്‍ ഫിനീഷ് ചെയ്ത മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓളപ്പരപ്പില്‍ കടുത്ത പോരാട്ടത്തിന് വഴിയൊരുക്കി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരഘടന മാറ്റിയായിരുന്നു ഇത്തവണ ജലമേള. 20 ചുണ്ടന്‍ വള്ളങ്ങളാണ് അഞ്ചു ഹീറ്റ്‌സുകളിലായി മത്സരത്തിനിറങ്ങിയത്.
മൂന്നാം ഹീറ്റ്‌സില്‍ മൂന്നാം ട്രാക്കില്‍ മത്സരിച്ച കാരിച്ചാല്‍ 4.15.1 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കലാശപ്പോരിന് എത്തിയത്. ജലമേള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി. സുധാകരന്‍, എ.സി മൊയ്തീന്‍, സിനിമാതാരം ജയറാം, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."