കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേദിയില്‍ ഇടംകൊടുക്കരുത്
തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന്റെ പ്രയാണവഴികളില്‍ വിവാദങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് ജില്ലാ ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കി.
സാമ്പത്തിക കേസുകളിലോ മറ്റു ഗുരുതരമായ ക്രിമിനല്‍ കേസുകളിലോ ഉള്‍പ്പെട്ടവര്‍ക്ക് വേദിയില്‍ ഇടംകൊടുക്കരുതെന്നാണ് പ്രധാന നിര്‍ദേശം. അത്തരം ആളുകളില്‍നിന്ന് സാമ്പത്തികം, വാഹന സൗകര്യം, ഭക്ഷണം തുടങ്ങിയവ സ്വീകരിക്കുന്നതിലും ജാഗ്രത പുലര്‍ത്തണം. കളങ്കിതരെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന തരത്തിലുള്ള ആളുകള്‍ പ്രമുഖ നേതാക്കളുമായി അടുത്ത് ഇടപഴകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്ര വാഹന വിവാദത്തില്‍ അകപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് ഈ നിര്‍ദേശങ്ങള്‍.
സ്വീകരണ കേന്ദ്രങ്ങളില്‍ തര്‍ക്കങ്ങളോ സംഘര്‍ഷാവസ്ഥയോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പ്രാദേശിക നേതാക്കളുടെ പ്രസംഗങ്ങളില്‍ വിവാദത്തിന് ഇടവരുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളില്‍ വിവാദ സാധ്യതയും പ്രകോപനവും ഉണ്ടാവരുത്. സ്വീകരണ കേന്ദ്രങ്ങളിലെത്തുന്ന പ്രവര്‍ത്തകര്‍ക്കെല്ലാം അച്ചടക്കം സംബന്ധിച്ച് ബന്ധപ്പെട്ട പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അസ്വാരസ്യംകൂടി കണക്കിലെടുത്താണ് ഈ നിര്‍ദേശം. കെ.പി.സി.സി പട്ടികയില്‍ ഇടംലഭിക്കാത്ത ചില നേതാക്കള്‍ക്കും അവര്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ പ്രതിഷേധം പരസ്യമായി പുറത്തുവന്നേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. എ വിഭാഗം നേതാക്കള്‍ക്കിടയിലാണ് കൂടുതല്‍ പ്രതിഷേധമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."