പുതിയ ഡെങ്കി വൈറസ് കണ്ടെത്തിയത് ദക്ഷിണേന്ത്യയില്‍
ന്യൂഡല്‍ഹി: ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍കണ്ടെത്തി. ഇതാദ്യമായാണ് ഇന്ത്യയില്‍ ഈ വൈറസിനെ കണ്ടെത്തുന്നത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് വൈറസിനെ കണ്ടെത്തുന്നതിനായി പഠനം നടത്തിയിരുന്നത്.
പുതിയ വൈറസ് ജനിതകമാറ്റം സംഭവിച്ചതാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വൈറോളജി എന്ന പുസ്തകത്തില്‍ പറയുന്നു. ഏഷ്യന്‍ ജനിതക ഘടകങ്ങളെ ബാധിക്കുന്ന ഡെങ്കി വൈറസുകളെക്കുറിച്ചുള്ള അന്വേഷണാത്മക പഠനത്തിന്റെ ഭാഗമായുള്ള ലേഖനമാണിത്.
2012ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായും ലേഖനത്തില്‍ പറയുന്നുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തി.
എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായത്. ഈ രണ്ട് സംസ്ഥാനങ്ങളിളും ഡി.എന്‍.വി- 1 ന്റെ രണ്ട് തരം പരിണാമങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ 2005ലും ശ്രീലങ്കയില്‍ 2009ല്‍ ഈ വൈറസ് വ്യാപകമായി ബാധിച്ചിരുന്നു.
ഈ പുതിയ തരം വൈറസിന്റെ സാന്നിധ്യം 2012ല്‍ തമിഴ്‌നാട്ടിലും കേരളത്തില്‍ 2013ലും കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന പറയുന്നത് ഡെങ്കി വൈറസ് നാല് തരത്തിലുള്ളവയാണ്. ഇവയെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഡി.ഇ.എന്‍-1, ഡി.ഇ.എന്‍-2, ഡി.ഇ.എന്‍-3, ഡി.ഇ.എന്‍-4 എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
പ്രത്യേകം മരുന്നുകളില്ലാത്ത ഡെങ്കിപ്പനി ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. ഈഡിസ് കൊതുകുകളിലൂടെ എത്തുന്ന ഫ്‌ളേവി വൈറസാണ് രോഗകാരണം. രോഗ ലക്ഷണങ്ങളും തീവ്രതയും പരിഗണിച്ചാണ് ഡെങ്കിപ്പനിയുടെ ചികിത്സ. വൈറസ് ആക്രമിച്ചാല്‍ ഒരാഴ്ചക്കകം ലക്ഷണങ്ങള്‍ പ്രകടമാവും. ശരീരത്തിലെ ചുവന്ന പാടുകള്‍, കടുത്ത പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."