തെറ്റായ പരസ്യം: ഷാരൂഖ് ഖാനെ വിളിപ്പിക്കണമെന്ന ആവശ്യം ഉപഭോക്തൃ കോടതി തള്ളി
ന്യൂഡല്‍ഹി: സൗന്ദര്യവര്ധകവസ്തുവിനെതിരായ ഉപഭോക്താവിന്റെ പരാതിയില്‍ സാക്ഷിയായി ഹാജരാകാന്‍ ഉല്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന് ഷാരൂഖ് ഖാനെ വിളിപ്പിക്കണമെന്ന ആവശ്യം ഉപഭോക്തൃ കോടതി തള്ളി.
ഇമാനി കമ്പനിയുടെ ഫെയര്‍ ആന്‍ഡ് ഹാന്‍സം എന്ന ക്രീമിനെതിരായി നിഖില്‍ ജയ്ന്‍ എന്ന യുവാവ് നല്കിയ പരാതിയില്‍ ഡല്‍ഹിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെതാണ് നടപടി. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ കമ്പനി അവകാശപ്പെട്ടതുപോലെ സൗന്ദര്യവും ചര്‍മകാന്തിയും വര്ധിച്ചില്ലെന്നായിരുന്നു നിഖിലിന്റെ പരാതി.
2015ല്‍ ഇതേ കേസില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പരാതിക്കാരന് അനുകൂലമായി വിധി പറയുകയും ഇമാനിയോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
15 ലക്ഷം രൂപ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് അടയ്ക്കാനും കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കീഴ്ക്കോടതിയുടെ ഉത്തരവിനെതിരേ കമ്പനി സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചെങ്കിലും ഹരജി തള്ളിയ സംസ്ഥാന കോടതി, കേസ് ജില്ലാ കോടതിയിലേക്കു തന്നെ മാറ്റുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസ് കഴിഞ്ഞദിവസം പരിഗണിച്ച കോടതി, ഷാരൂഖ് ഖാനെ വിളിപ്പിക്കണമെന്ന ആവശ്യം നിരസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."