ഖത്തറിലെ ബാങ്കിങ് രംഗത്ത് പ്രവാസികള്‍ക്ക് അനുകൂലമായ നിയമമാറ്റം
ദോഹ: പ്രവാസികള്‍ക്ക് വലിയതോതില്‍ പ്രയോജനകരമാകുന്ന വിധത്തില്‍ ബാങ്കിങ് നിയമത്തില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) ഇളവു വരുത്തിയതായി റിപ്പോര്‍ട്ട്. ഖത്തര്‍ ഐഡിയുടെ (റസിഡന്‍സ് പെര്‍മിറ്റ്) കാലാവധി കഴിഞ്ഞാലും 90 ദിവസംവരെ സാധാരണഗതിയിലുള്ള ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ പ്രവാസികള്‍ യോഗ്യരായിരിക്കും.
വിസ കാലാവധി കഴിഞ്ഞാലും വിദേശ ജീവനക്കാര്‍ക്ക് മൂന്നുമാസം വരെ ബാങ്കിടപാടുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് രാജ്യത്തെ ബാങ്കുകളോട് ക്യു.സി.ബി ആവശ്യപ്പെട്ടു. ക്യു.സി.ബി വെബ്‌സൈറ്റിലെ പ്രസ്താവന ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഖത്തറിലെ പ്രവാസികള്‍ക്ക് വിസ കാലാവധി കഴിഞ്ഞാലും മൂന്നുമാസം വരെ ഖത്തറില്‍ താമസിക്കാനാകും. അതിനനുസൃതമായിട്ടാണ് ഇപ്പോള്‍ ബാങ്കിങ് നിയമത്തിലും മാറ്റംകൊണ്ടുവന്നിരിക്കുന്നത്. വിസ കാലാവധി കഴിയുന്നതോടെ ബാങ്കിടപാടുകള്‍ നടത്താന്‍ കഴിയാത്ത നിലവിലെ സാഹചര്യം ഇതോടെ മാറും.
റസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞാലും മൂന്നുമാസം വരെ സുഗമമായി ബാങ്കിടപാടുകള്‍ നടത്താനാകും. പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കപ്പെടുകയോ കാലാവധി അവസാനിക്കുകയോ ചെയ്താല്‍ മറ്റു ജി.സി.സി രാജ്യങ്ങളിലേതുപോലെ ഖത്തറിലെ ബാങ്കുകളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയാണ് പതിവ്.
രാജ്യത്തിനു പുറത്തേക്കു പോകുന്നതിനു മുന്‍പ് കടങ്ങളും വായ്പകളുമെല്ലാം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ക്യു.സി.ബിയുടെ നയങ്ങള്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കും ക്യു.സി.ബി ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."