ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് കയറ്റി എട്ടുപേരെ കൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം ആള്‍ക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. പതിനൊന്നിലേറെ പേര്‍ക്കു പരുക്കേറ്റു. ആക്രമണം നടത്തിയ ട്രക്ക് ഡ്രൈവറെ സുരക്ഷാസേന പിടികൂടി. വെടിവയ്പില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ കൂടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഉസ്ബെക്കിസ്ഥാന് സ്വദേശിയായ സൈഫുല്ലാ സെയ്പോവ് എന്ന 29 കാരനാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇയാള്‍ 2010ലാണ് അമേരിക്കയില്‍ എത്തിയത്. വാടകയ്ക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തെ തുടര്‍ന്നു മാന്‍ഹട്ടനിലെ ഹഡ്സണ്‍ നദിയോടു ചേര്‍ന്ന പ്രദേശങ്ങള്‍ പൊലിസ് അടച്ചിട്ടു. ബൈക്കുകള്‍ക്കു പോകാനുള്ള പാതയിലൂടെ അതിവേഗത്തില്‍ ട്രക്കുമായെത്തിയ സായ്പോവ്, ഇതുവഴി പോകുകയായിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചിട്ട ശേഷം ട്രക്ക് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇതിനു ശേഷം മുദ്രാവാക്യങ്ങളുമായി ട്രക്കിനു പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ വെടിവച്ചിട്ട ശേഷം സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരുക്കേറ്റ അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാള്‍ അപകടനില തരണംചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സ്വന്തമായി ട്രക്ക് കമ്പനി നടത്തുന്ന ഇയാള്‍ വാടകയ്ക്കെടുത്ത ട്രക്കുമായാണ് ആക്രമണം നടത്തിയത്.
സംഭവത്തെ തുടര്‍ന്നു വിവിധ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹാലോവിന് ഫെസ്റ്റിവലും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍വിച്ചില്‍ സംഭവത്തെ തുടര്‍ന്ന് പൊലിസ് വിശദമായ പരിശോധന നടത്തി.
ആക്രമി ഐ.എസ് അനുഭാവിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ട്രക്കില്‍നിന്നു ചാടിയിറങ്ങിയ ഇയാള്‍ അത്തരത്തില്‍ മുദ്രാവാക്യം മുഴക്കിയെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രക്കില്‍നിന്ന് ഐ.എസ് പതാക കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."