ഗെയില്‍ വിരുദ്ധ സമരം മുക്കത്തും എരഞ്ഞിമാവിലും സംഘര്‍ഷം; വെടിവയ്പ്
അരീക്കോട്: കൊച്ചി- മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ ജനവാസമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മുക്കത്തും ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവിലും സംഘര്‍ഷം. ഇരു സ്ഥലങ്ങളിലും സമരക്കാരെ പൊലിസ് തല്ലിച്ചതച്ചു.
ആകാശത്തേക്ക് വെടിവച്ച പൊലിസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നൂറുകണക്കിന് സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വഴിയാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം പൊലിസ് അതിക്രമത്തിനിരയായി. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലാചരിക്കും. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് എരഞ്ഞിമാവിലെ സമരക്കാര്‍ക്ക് നേരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ നൂറിലേറെ പൊലിസുകാരുടെ നേതൃത്വത്തില്‍ പ്രകോപനമില്ലാതെ അക്രമമുണ്ടായത്.
നൂറോളം സമരക്കാരെ അറസ്റ്റ് ചെയ്ത് മുക്കം, അരീക്കോട് മഞ്ചേരി സ്റ്റേഷനുകളിലേക്കു കൊണ്ടുപോയി. സമരക്കാര്‍ പദ്ധതിപ്രദേശത്തെത്തി സമരപ്പന്തലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലിസ് പന്തല്‍ പൊളിച്ചുനീക്കുകയും ഗെയില്‍വിരുദ്ധ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.
കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ത്ത പൊലിസ് പരിസരങ്ങളിലെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. ഇതോടെ സമരക്കാരും പ്രതിരോധിക്കാനിറങ്ങി. വാഹനങ്ങളുടെ ടയര്‍ കത്തിച്ചും ഗെയില്‍ അധികൃതരുടെ വാഹനം തകര്‍ത്തും സമരക്കാര്‍ റോഡ് ഉപരോധിച്ചു.പൊലിസ് അതിക്രമത്തില്‍ നിരവധി യാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. നിരവധി വാഹനങ്ങളും പൊലിസ് അടിച്ചുതകര്‍ത്തു. കല്ലായി മസ്ജിദുല്‍ അമീനില്‍ കയറിയ ഇരുപതോളം പൊലിസുകാര്‍ നമസ്‌കാരത്തിനെത്തിയ മുപ്പതോളം വിശ്വാസികളെയും അക്രമിച്ചു പരുക്കേല്‍പ്പിച്ചു. പൊലിസ് അതിക്രമത്തില്‍ പരുക്കേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."