തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി
തലശ്ശേരി: തലശ്ശേരിയില്‍ പൊലിസും ആര്‍.പി.എഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഓമശ്ശേരി സ്വദേശി പി.ടി ഷാലിഖ്(26), കൊടുവള്ളി സ്വദേശി പി.പി ഇഖ്ബാല്‍(30) എന്നിവരെയാണ് തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. യശ്വന്ത് പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ ഇന്നലെ രാവിലെ 9.30 ഓടെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും ആര്‍.പി.എഫും പിടികൂടുകയായിരുന്നു.
ബംഗളൂരുവില്‍ നിന്ന് രണ്ട് യുവാക്കള്‍ കഞ്ചാവുമായെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനയിലാണ് ബാഗുകളില്‍ കറന്‍സികളാണെന്ന് കണ്ടെത്തിയത്.
സെല്ലോടേപ്പ് കൊണ്ട് വരിഞ്ഞ് ഭദ്രമാക്കി മൂന്ന് ഹാന്‍ഡ് ബാഗുകളിലായിരുന്നു കറന്‍സികള്‍. 1000, 500, 100 രൂപയുടെ കറന്‍സികളാണ് പിടികൂടിയത്.പണം കൊണ്ടു വരാനുള്ള മതിയായ രേഖകള്‍ യുവാക്കളുടെ കൈയിലുണ്ടായിരുന്നില്ല. കൊടുവള്ളിയില്‍ നിന്ന് ബംഗളൂരുവില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയ സ്വര്‍ണത്തിന്റെ പണമാണിതെന്നാണ് യുവാക്കള്‍ മൊഴി നല്‍കിയത്. കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ കാരിയര്‍മാരാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. നേരത്തെയും നിരവധി തവണ പണം കടത്തിയെങ്കിലും യുവാക്കള്‍ ആദ്യമായാണ് വലയിലായതെന്നും പൊലിസ് പറഞ്ഞു. കൊടുവള്ളിയിലെ ഒരാള്‍ക്ക് എത്തിച്ച് നല്‍കാനുള്ളതായിരുന്നു ഇന്നലെ പിടികൂടിയ പണം.
തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം. എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐമാരായ ബിജുലാല്‍, അജയന്‍, സി.പി.ഒ മാരായ വിനോദ്, സുജേഷ് , ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ദേവരാജന്‍, ജയചന്ദ്രന്‍, ബിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പണം എണ്ണിത്തിട്ടപ്പെട്ടുത്തിയ ശേഷം പ്രതികളെ ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. കുഴല്‍പ്പണം പിടികൂടിയ വിവരം എന്‍ഫോഴ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."