തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചെന്നിത്തല
കാസര്‍കോട്: ഭൂമി കൈയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ന് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാണ്.
ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയില്‍ പങ്കെടുത്ത് ഇനിയും ഭൂമി കൈയേറുമെന്ന് മന്ത്രി വെല്ലുവിളിക്കുകയാണ്. എന്നിട്ട് ഈ മന്ത്രിയെ വിളിച്ച് മുഖ്യമന്ത്രി ശാസിക്കുകയാണ്. ശാസിക്കാന്‍ മന്ത്രി കൊച്ച് കുഞ്ഞൊന്നുമല്ല. അഴിമതി നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നതിന് പകരം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ആത്മാര്‍ഥത കാണിക്കുമോയെന്ന് ചെന്നിത്തല ചോദിച്ചു.
തോമസ്ചാണ്ടിയെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയും സംഭവത്തില്‍ കൂട്ട് പ്രതിയായിരിക്കുന്നു. നിയമലംഘത്തിന് മുഖ്യമന്ത്രി കൂട്ട് നില്‍ക്കുന്നത് ശരിയാണോയെന്ന് അദ്ദേഹം ജനങ്ങളോട് വിശദീകരിക്കണം. തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഞാന്‍ നല്‍കിയ കത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
മോഹന്‍ ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ വിഷയത്തിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമോപദേശം ലഭിച്ചിട്ടില്ല. ഇടതു മുന്നണി സര്‍ക്കാരിന് ആവശ്യമുള്ള കാര്യങ്ങളില്‍ വേഗം നിയമോപദേശം ലഭിക്കും. താല്‍പ്പര്യമില്ലാത്ത കാര്യങ്ങളില്‍ നിയമോപദേശം വൈകുന്നുവെന്നതാണ് അവസ്ഥയെന്നും ചെന്നിത്തല പറഞ്ഞു.
ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍ സമരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന നിലപാട് തിരുത്തണം. വികസനത്തിന് ഞങ്ങളും എതിരല്ല. എന്നാല്‍ ചര്‍ച്ചകളിലൂടെയാവണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. സമരങ്ങളെ അടിച്ചമര്‍ത്തുന്ന നയം സര്‍ക്കാര്‍ തിരുത്തണം. രഞ്ജിപ്പിന്റെ പാതയാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്. ഗെയില്‍ വിരുദ്ധ സമരങ്ങളെ യു.ഡി.എഫ് ഏറ്റെടുക്കില്ല. മാധ്യമ പ്രവര്‍ത്തകരെയടക്കം മര്‍ദ്ദിക്കുന്ന സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."