വടകര മേഖലയില്‍ സി.പി.എമ്മില്‍ വിഭാഗീയത നാല് ലോക്കലുകളില്‍ മത്സരം
വടകര: സി.പി.എം ലോക്കല്‍ സമ്മേളനങ്ങള്‍ അവസാനഘട്ടമായപ്പോള്‍ വടകര ഏരിയയില്‍ വന്‍ വിഭാഗീയത. വടകര ഏരിയ കമ്മിറ്റിക്കു കീഴില്‍ വരുന്ന കോട്ടപ്പള്ളി, പുതുപ്പണം, പൊന്‍മേരി, തിരുവള്ളൂര്‍ ലോക്കലുകളിലാണ് ഒൗദ്യോഗിക പാനലിനെതിരേ മത്സരങ്ങള്‍ നടന്നത്. ഇതില്‍ പുതുപ്പണം ലോക്കല്‍ കമ്മിറ്റിയില്‍ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച അഞ്ചുപേരില്‍ നാലുപേര്‍ വിജയിച്ചു. ഇതില്‍ ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയും ഉള്‍പ്പെടുന്നു. ലോക്കല്‍ കമ്മിറ്റിയിലെ സീനിയര്‍ നേതാക്കളായ രണ്ടുവനിതകള്‍ ഉള്‍പ്പെടെ നാലുപേരാണ് ഔദ്യോഗിക വിഭാഗത്തിന്റെ പാനലില്‍ മത്സരിച്ച് പരാജയപ്പെട്ടത്.
തിരുവള്ളൂര്‍ ലോക്കലില്‍ പാനലിനെതിരേ മത്സരിച്ച രണ്ടുപേര്‍ വിജയിച്ചു. ഇതും ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയായി.
കോട്ടപ്പള്ളി ലോക്കലിലും പൊന്‍മേരി ലോക്കലിലും ഔദ്യോഗിക പാനലിനെതിരേ കടുത്തമത്സരം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവിലെ വടകര ഏരിയ കമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനത്തിന് മാറ്റമുണ്ടാകാനിടയില്ലെങ്കിലും ലോക്കല്‍ കമ്മിറ്റികളില്‍ നിലനിന്ന വിഭാഗീയത ഏരിയാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന ഭീതിയിലാണ് വടകര ഏരിയാ നേതൃത്വം. നിലവിലെ വടകര ഏരിയാ സെക്രട്ടറിയായ സി. ദിവാകരന്‍ മാസ്റ്റര്‍ ഔദ്യോഗിക നേതൃത്വത്തിന് അനഭിമതനാണ്. അദ്ദേഹത്തെ വെട്ടിനിനിരത്താന്‍ പക്ഷേ ഇപ്പോള്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നതാണ് സത്യം. ഡി.വൈ.എഫ്.ഐ കമ്മിറ്റികളിലുള്ള നേതാക്കള്‍വരെ വിഭാഗീയമായി മത്സരത്തിനിറങ്ങുന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടവരാണ് ഔദ്യോഗിക പാനലിനെതിരേ രംഗത്തുവരുന്നതെന്നതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. അതേസമയം പാര്‍ട്ടിക്കെതിരേ വിഭാഗീയ മത്സരമല്ല നടത്തുന്നതെന്നും പാര്‍ട്ടിക്കുള്ളിലെ ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളെ തുറന്നുകാണിക്കുകയാണ് തങ്ങളെന്നുമാണ് മത്സരിക്കുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."