വാഹനാപകടം: യുവാവിന്റെ തലയോട്ടിക്കുള്ളില്‍ കമ്പി തുളച്ചു കയറി
കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് 39 കാരനായ യുവാവിന്റെ കണ്ണിനും മൂക്കിനും ഇടയിലൂടെ കയറി തലയോട്ടി തുളച്ച് ചെവിക്ക് മുകളിലൂടെ പുറത്ത് വന്ന കമ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നാല് മണിക്കൂര്‍ നീണ്ട അടിയന്തര ന്യൂറോ സര്‍ജറിയിലൂടെ നീക്കം ചെയ്തു.
കഴിഞ്ഞ 28-ാം തിയതിയാണ് കണ്ണൂര്‍ മുല്ലക്കൊടി സ്വദേശിയായ ഉല്ലാസ് കുമാര്‍ കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ വച്ച് വാഹനാപകടത്തില്‍ പെടുന്നത്. ഉല്ലാസ് സഞ്ചരിച്ചിരുന്ന കാറില്‍ ലോറി വന്നിടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന അബ്ദുള്‍ വഹാബ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കാറിന്റെ പിന്‍ സീറ്റിലിരുന്നിരുന്ന ഉല്ലാസിന്റെ കണ്ണിനും മൂക്കിനും ഇടയിലൂടെ മുന്‍സീറ്റിന്റെ ഹെഡ്‌റെസ്റ്റ് ഘടിപ്പിച്ചിരുന്ന സ്റ്റീല്‍ കമ്പി തുളച്ചു കയറുകയായിരുന്നു. മുഖത്ത് കമ്പി തുളച്ച് കയറിയ അവസ്ഥയില്‍ ഉല്ലാസിന് 15 മിനിട്ടോളം വഴിയില്‍ തന്നെ കിടക്കേണ്ടി വന്നു. പേരാമ്പ്ര സ്വദേശിയായ നൗഷാദാണ് ഉല്ലാസിനേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചത്. മുഖത്ത് തുളച്ച് കയറിയ കമ്പി വലിച്ചൂരാന്‍ ശ്രമിക്കാതിരുന്നത് ഉല്ലാസിന്റെ കാഴ്ച നഷ്ടപ്പെടാതിരുന്നതില്‍ നിര്‍ണായകമായിരുന്നു. അപകടത്തെ തുടര്‍ന്ന് രാവിലെ 6 മണിക്ക് ആസ്റ്റര്‍ മിംസിലെത്തിച്ച ഉല്ലാസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം പൂര്‍ണസുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു.
ന്യൂറോ സര്‍ജറി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ ജേക്കബ് ആലപ്പാട്ട്, ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ നൗഫല്‍ ബഷീര്‍, കണ്‍സള്‍ട്ടന്റായ ഡോ മനീഷ് ജോസഫ്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ ബിബിലാഷ്, അനസ്‌തേഷ്യസ്റ്റുമാരായ ഡോ ബിജു ശേഖര്‍, ഡോ പ്രിയങ്ക പവിത്രന്‍, ഡോ ശ്രുതി ടി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."