നിങ്ങളുടെ ഭാരമേല്‍ക്കാന്‍ ആളുണ്ട്
തലയില്‍ താങ്ങാചുമടുമായി നടക്കുകയാണു നിങ്ങള്‍. ലക്ഷ്യസ്ഥാനത്തെത്തുമോ എന്നതില്‍ യാതൊരുറപ്പുമില്ല. സഹായത്തിന് ആരെയെങ്കിലും കിട്ടിയിരുന്നെങ്കിലെന്നു നിങ്ങള്‍ അതിയായി കൊതിച്ചുപോകുന്നു. ആ ഘട്ടത്തിലാണു രണ്ടാളുകളെ നിങ്ങള്‍ സമീപിക്കുന്നത്. അതിലൊരുവന്റെ അടുക്കല്‍ ചെന്ന് നിങ്ങള്‍ പറഞ്ഞു: ''ഈ ഭാരം നിങ്ങളെ ഞാന്‍ ഏല്‍പിക്കട്ടെയോ?'' അയാള്‍ പറഞ്ഞു: ''ഏല്‍പിച്ചോളൂ. പക്ഷേ, ചുമടേറ്റുന്നതിനു ചെലവു വേണം. സാധനത്തിന്റെ സുരക്ഷിതത്വത്തിന് യാതൊരു ഗ്യാരണ്ടിയും പറയാനുമാകില്ല.'' ഈ പ്രതികരണം കേട്ടപ്പോള്‍ രണ്ടാമന്‍ നിങ്ങളുടെ അടുത്തേക്കുവന്നിട്ടു പറഞ്ഞു: ''ആ ഭാരം എന്നെ ഏല്‍പിച്ചോളൂ. ഞാനതു വഹിച്ചുകൊള്ളാം. നിങ്ങളതിന് യാതൊന്നും തരേണ്ടതില്ല. തരേണ്ടതില്ലെന്നു മാത്രമല്ല, കൂലി ഞാന്‍ അങ്ങോട്ടു തരാം. സാധനം മാത്രമല്ല നിങ്ങളും നൂറു ശതമാനം സുരക്ഷിതമായിരിക്കുമെന്ന് ഞാനുറപ്പ് നല്‍കുന്നു.''
ചോദിക്കട്ടെ, ഈ രണ്ടാളുകളില്‍ ആരെയാണു നിങ്ങള്‍ നിങ്ങളുടെ ഭാരം ഏല്‍പിക്കുക; ഒന്നാമനെയോ രണ്ടാമനെയോ? നിങ്ങളുടെ മറുപടി 'രണ്ടാമനെ' എന്നായിരിക്കുമെന്ന് തീര്‍ച്ചയാണ്. ഇങ്ങനെയുള്ള രണ്ടാമനുണ്ടായിരിക്കെ ഒന്നാമനെ ഏല്‍പിക്കുന്നത് വിഡ്ഢിത്തമാണെന്ന് നിങ്ങള്‍ സംശയലേശമന്യേ തറപ്പിച്ചുറച്ചു പറയുകയും ചെയ്യും. പക്ഷേ, സംഭവിക്കാറുള്ളതെന്താണെന്ന് ശരിക്കും ആലോചിച്ചുനോക്കൂ. നിങ്ങള്‍ ഏല്‍പിക്കുന്നത് ഒന്നാമനെയാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസം വരുമോ? ഒന്നാമനെ ഏല്‍പിക്കരുത്, രണ്ടാമനെ ഏല്‍പിച്ചോളൂ എന്ന ഉപദേശവുമായി വരുന്നവനെ നിങ്ങള്‍ രണ്ടാമനായി തള്ളാറുമുണ്ടെന്നു പറഞ്ഞാല്‍ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും?
ദയാലുവായ നമ്മുടെ ദൈവംതമ്പുരാന്‍ നമ്മോട് എത്ര തവണയാണ് നിങ്ങള്‍ എന്നില്‍ ഭരമേല്‍പിച്ചോളൂ എന്ന് പറഞ്ഞത്. സൂറ:ആലുഇംറാന്‍ 122ല്‍ അവന്‍ പറഞ്ഞു: ''സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.'' ഇതേ വാക്ക് അവന്‍ സൂറ:മാഇദയുടെ 11-ാം സൂക്തത്തിലും സൂറ:തൗബയുടെ 51-ാം സൂക്തത്തിലും സൂറ:മുജാദിലയുടെ 10-ാം സൂക്തത്തിലും സൂറ: തഗാബുന്‍ 13-ാം സൂക്തത്തിലും ആവര്‍ത്തിച്ചുപറഞ്ഞു. ആലും ഇംറാന്‍ സൂറയുടെ തന്നെ 159-ാം സൂക്തത്തില്‍ പറഞ്ഞതിങ്ങനെ: ''ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കണം. തന്നില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സ്‌നേഹിക്കുന്നു.'' സൂറ: യൂസുഫിന്റെ 67-ാം സൂക്തത്തില്‍ പറഞ്ഞു: ''ഭരമേല്‍പിക്കാനുള്ളവര്‍ അവനെ ഏല്‍പിച്ചുകൊള്ളട്ടെ.'' സൂറ ഇബ്‌റാഹീമിന്റെ 11, 12 സൂക്തങ്ങളില്‍ ഇങ്ങനെ കാണാം: ''സത്യവിശ്വാസികള്‍ അല്ലാഹുവിങ്കലാണ് കാര്യങ്ങള്‍ ഭരമേല്‍പിക്കേണ്ടത്. ഞങ്ങള്‍ എങ്ങനെ അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കാതിരിക്കും? അവനാണല്ലോ ഞങ്ങള്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കിയത്. നിങ്ങളുടെ മര്‍ദന പീഡനങ്ങള്‍ ഞങ്ങള്‍ സഹിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്ന ആരും അല്ലാഹുവിങ്കലാണ് കാര്യങ്ങള്‍ ഭരമേല്‍പിക്കേണ്ടത്.''
ഒരു തവണയല്ല, അനേകതവണ അവന്‍ നമ്മോട് പറഞ്ഞുകൊണ്ടേയിരുന്നു; വിശ്വാസമുള്ളവര്‍ എന്നെ ഭരമേല്‍പിച്ചോളൂ, എന്നെ ഭരമേല്‍പിച്ചോളൂ എന്ന്. എന്നിട്ടും, നമുക്കത് വിശ്വാസമാകുന്നില്ല. ഭാരമേല്‍ക്കുന്നതിന് കൂലി വാങ്ങുന്ന നൂറാംകിടക്കാരെയും നൂറാംകിട സംവിധാനങ്ങളെയുമല്ലേ നാം ഭരമേല്‍പിക്കുന്നത്? ഇതു നമ്മുടെ വിജയമാണോ അതോ പരാജയമാണോ?
നിങ്ങള്‍ പക്ഷിക്കൂടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്താണതിലുണ്ടാകാറുള്ളത്? ശൂന്യത മാത്രം. ഇനി നിങ്ങള്‍ നിങ്ങളുടെ കൂട് ശ്രദ്ധിച്ചുനോക്കൂ. അവിടെ സ്റ്റോര്‍ റൂമുണ്ട്, ഫ്രിഡ്ജ് ഉണ്ട്. അങ്ങനെ എണ്ണിയാല്‍ തീരാത്ത പലതുമുണ്ട്. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ വരെ അവിടെ കാണും. വര്‍ഷങ്ങളോളം ജീവിക്കാനുള്ള ആസ്തിയും കാണും. പക്ഷികള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നവരാണ്. അവര്‍ക്കു നേരത്തെ അന്തിയുറങ്ങാനാവുന്നു. നേരത്തെ ഉറക്കമുണരാനുമാകുന്നു. എന്നാലോ, അവരുടെ കൂട്ടില്‍ ഒരുനേരം ജീവിക്കാനുള്ള ഭക്ഷണമോ ആസ്തിയോ കാണാനുമില്ല. എന്നാല്‍ ഒരു മാസക്കാലം ജീവിക്കാനുള്ള ഭക്ഷണവും ആസ്തിയുമുള്ള നമ്മുടെ കൂട്ടില്‍ നമുക്ക് സമാധാനമില്ല. പറഞ്ഞറിയിക്കാനാവാത്തത്ര ദുഃഖങ്ങളും ബേജാറുകളും ആശങ്കകളും. നേരത്തെ ഉറങ്ങാനാവുന്നില്ല. നേരത്തെ എഴുന്നേല്‍ക്കാനുമാകുന്നില്ല. എന്താണു കാരണം?
പക്ഷികള്‍ക്കു കൂട്ടില്‍ ഒന്നുമില്ലെങ്കിലും കൂട്ടിന് തവക്കുല്‍(അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) ഉണ്ട്. നമ്മുടെ കൂട്ടില്‍ പലതുമുണ്ടെങ്കിലും തവക്കുല്‍ മാത്രം കൂട്ടിനില്ല. അതുതന്നെ വ്യത്യാസം. പ്രവാചകതിരുമേനി(സ്വ) പറഞ്ഞു: ''ഭരമേല്‍പിക്കേണ്ട വിധം അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിച്ചിരുന്നെങ്കില്‍ പറവയ്ക്ക് അന്നം കൊടുക്കുന്നപോലെ അവന്‍ നിങ്ങള്‍ക്കും അന്നം നല്‍കുമായിരുന്നു.'' രാവിലെ ഒട്ടിയ വയറുമായി കൂടുവിട്ടിറങ്ങുകയും വൈകുന്നേരം നിറഞ്ഞ വയറുമായി കൂടണയുകയും ചെയ്യുന്ന പറവകള്‍ ഇവ്വിഷയത്തില്‍ നമ്മെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.
സ്വൂഫിയായ ഹാതിമുല്‍ അസ്വമ്മ്(റ) പറഞ്ഞു: ''ഞാന്‍ സൃഷ്ടികളെ നോക്കി. ഓരോരുത്തരും തന്നെ പോലുള്ള സൃഷ്ടികളില്‍ ഭരമേല്‍പിച്ചാണു ജീവിക്കുന്നത്. ചിലര്‍ തന്റെ കൃഷിയിടത്തെ, മറ്റുചിലര്‍ കച്ചവടത്തെ, വേറെ ചിലര്‍ തന്റെ ഫാക്ടറിയെ, ആരോഗ്യത്തെ...ഇങ്ങനെ ഓരോരുത്തരും. തുടര്‍ന്ന് ഞാന്‍ അല്ലാഹുവിന്റെ വചനത്തിലേക്കു മടങ്ങി. അവന്‍ പറയുകയാണ്: 'ആരെങ്കിലും അല്ലാഹുവിങ്കലേക്ക് ഭരമേല്‍പിക്കുന്നതായാല്‍ തനിക്ക് അവന്‍ തന്നെ മതി.' അതോടെ ഞാന്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു. അവന്‍ മതിയല്ലോ എനിക്ക്.''
ശ്രദ്ധിക്കുക: നിങ്ങളുടെ ഭാരമേല്‍ക്കാന്‍ ആളുണ്ട്. ഭാരമേല്‍ക്കുന്നതിനു നിങ്ങളവന്നു കൂലി കൊടുക്കേണ്ട. നിങ്ങളുടെ ഭാരമേല്‍ക്കുന്നതിന് അവന്‍ നിങ്ങള്‍ക്ക് കൂലി തരികയാണു ചെയ്യുക. അവനെ കിട്ടാന്‍ ഒരു ഫോണ്‍കോളിന്റെ ചെലവു പോലും നിങ്ങള്‍ക്കില്ല. അവന്‍ നിങ്ങളുടെ സമീപത്തുതന്നെയുണ്ട്. നിങ്ങളുടെ കണ്ഠനാഡിയെക്കാള്‍ സമീപത്ത്. 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചതിക്കപ്പെട്ടേക്കുമോ എന്ന ഭയാശങ്ക കാരണം ബഹുഭൂരിഭാഗമാളുകളും ബുക്ക് ചെയ്യാന്‍ വിസമ്മതിച്ചു. എന്നാല്‍ അതിനെയും വെല്ലുന്ന ഓഫറും സൗജന്യവുമാണല്ലോ ഇത്. സ്വാഭാവികമായും വിശ്വസിക്കാന്‍ പ്രയാസം കാണും. നിങ്ങള്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ. ഓഫര്‍ പ്രഖ്യാപിച്ചവനെ വിശ്വസിക്കുക. ഓഫറും വിശ്വസിക്കുക. വിശ്വാസമാണു ചെലവ്. അതുണ്ടെങ്കില്‍ മറ്റൊരു ചെലവുമില്ല. അതില്ലെങ്കില്‍ ചെലവിന്റെ തീരാനിര തന്നെയായിരിക്കും. സി.സി.ടി.വി കാമറകള്‍ വാങ്ങേണ്ടി വരും. കൂലിക്ക് സെക്യൂരിറ്റിയെ നിര്‍ത്തേണ്ടി വരും. പാസ്‌വേര്‍ഡുകള്‍ വേണ്ടി വരും. ഉരുക്കുവാതിലുകള്‍ നിര്‍മിക്കേണ്ടി വരും. എന്നാലും സമാധാനം പൂര്‍ണമാവില്ല. സുരക്ഷാപ്രശ്‌നം ഭീഷണിയില്‍തന്നെ കിടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."