ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണത്തില്‍ ദുരൂഹതയെന്ന് പിതാവ്
തലശ്ശേരി: തലശ്ശേരി ഐ.ഡി.ബി.ഐ ബാങ്ക് ശാഖയില്‍ ജീവനക്കാരി വില്ന വിനോദ് സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പിതാവ് വിനോദന്‍ രംഗത്ത്. വില്ന വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാങ്ക് മാനേജറെയും ഭര്‍ത്താവ് സംഗീതിനെയും ഭര്‍തൃപിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് പിതാവ് വിനോദന്‍ ഡി.ജി.പിക്ക് വിവരാവകാശ പ്രകാരം നല്കിയ ഹര്‍ജിയിലാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചത്. വില്നയുടേത് പ്രേമവിവാഹമായിരുന്നു. ഈ വിവാഹത്തില്‍ ഭര്‍തൃപിതാവിന് എതിര്‍പ്പുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വില്ന 2011ല്‍ ആത്മഹത്യക്ക് ശ്രമിച്ചതായും ഇതിനു പിന്നില്‍ ഭര്‍തൃവീട്ടുകാരാണെന്നും വിനോദന്‍ ഡി.ജി.പിക്ക് നല്കിയ ഹര്‍ജിയില്‍ പറയുന്നു. വില്‍നയെ കല്യാണം കഴിക്കുന്നതിന് ഭര്‍ത്താവ് സംഗീതിന്റെ പിതാവിന് എതിര്‍പ്പായിരുന്നു. ഭര്‍തൃപിതാവിന്റെ ഭീഷണിയെതുടര്‍ന്ന് വില്ന 2011ല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2012ലാണ് ഇവരുടെ കല്യാണം നടന്നത്. തന്റെ മകളുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന ഉടനെ അന്നത്തെ തലശ്ശേരി സി.ഐയോട് പരാതി പറഞ്ഞിരുന്നെങ്കിലും അദ്ദേഹം അത് രേഖപ്പെടുത്തിയില്ല. വെടിവെച്ച ഗണ്‍മാന്റെ കൈയിലെ തോക്കിന്റെ ലൈസന്‍സ് പുതുക്കിയിട്ടുണ്ടോ എന്നും തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും വിവരാവകാശ പ്രകാരം വിനോദന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."