മന്ത്രി കെ.ടി ജലീലിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരേ വിജിലന്‍സ് അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി കെ.വി മഹേഷ്ദാസിനാണ് അന്വേഷണ ചുമതല. മന്ത്രിക്കു പുറമേ കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോറിനെതിരേയും അന്വേഷണമുണ്ട്.
കുടുംബശ്രീയില്‍ മന്ത്രിയും ഡയറക്ടറും ചേര്‍ന്ന് നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് രേഖാമൂലം നലകിയ പരാതിയിലാണ് അന്വേഷണം. യോഗ്യതയില്ലാത്ത ആളുകളെ ഉയര്‍ന്ന പദവിയില്‍ നിയമിക്കാന്‍ മന്ത്രി ജലീല്‍ ശുപാര്‍ശ ചെയ്‌തെന്ന മുന്‍ ഡയറക്ടര്‍ എന്‍.കെ ജയയുടെ വെളിപ്പെടുത്തലും പരാതിക്കാരന്‍ വിജിലന്‍സിനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതും റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് ലിസ്റ്റിന് പുറത്തുനിന്ന് ആളുകളെ നിയമിച്ചെന്ന ആക്ഷേപവും വിജിലന്‍സ് പരിശോധിക്കും. പരാതി സംബന്ധിച്ച എല്ലാ രേഖകളും പി.കെ ഫിറോസ് വിജിലന്‍സിന് കൈമാറി. എന്‍.കെ ജയയുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്.
കുടുംബശ്രീയില്‍ അടുത്തിടെ കരാര്‍ നിയമനങ്ങള്‍ നടത്തിയതിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. നേരത്തെ ന്യൂനപക്ഷ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ യോഗ്യതയില്ലാത്തവരെ അനധികൃതമായി നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു പരാതിയിലും ജലീലിനെതിരേ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."