ആധാര്‍ കേസ്: ഭരണഘടനാ ബെഞ്ച് ഇന്നു മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികളില്‍ ഭരണഘടനാബെഞ്ച് ഇന്ന് വാദം കേട്ടുതുടങ്ങും. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ വന്ന ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കര്‍ണാടക സ്വദേശി മാത്യു തോമസ് നല്‍കിയതടക്കമുള്ള ഒരുകൂട്ടം ഹരജികളാണ് നിലവില്‍ ബെഞ്ച് മുന്‍പാകെയുള്ളത്. ഇവയെല്ലാം ഒന്നിച്ചാകും കോടതി പരിഗണിക്കുക.
ആധാറുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്നതിനായി ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്ന് കഴിഞ്ഞമാസം 30ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നവംബര്‍ അവസാന വാരത്തിന് മുന്‍പ് തന്നെ കേസുകളില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ മറ്റൊരു കേസ് പരിഗണിക്കവേ ആധാര്‍ കേസ് വേഗം പരിഗണിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് മുന്‍പാകെ ഹരജിക്കാരന്റെ അഭിഭാഷകന്‍ സൂചിപ്പിക്കുകയായിരുന്നു. ഇതോടെയാണ് കേസില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ആറു സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രിം കോടതി 2015 ഒക്ടോബറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്കു കൂടി ആധാര്‍ വ്യാപിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്ത് പലപ്പോഴായി വന്ന വിവിധ ഹരജികളിലാവും ഇന്ന് വാദം കേള്‍ക്കുക.
സാമൂഹികക്ഷേമ പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി തയാറായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. കേസില്‍ അന്തിമവിധി ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും നേരത്തെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."