ബഹ്‌റൈനില്‍ നോട്ടീസ് വിതരണം നിരോധിച്ചു; വിതരണം ചെയ്യുന്നവര്‍ക്കും സ്ഥാപനത്തിനും 1200 ദിനാര്‍ വരെ പിഴ ശിക്ഷ
മനാമ: ബഹ്‌റൈന്‍ തലസ്ഥാന നഗരിയില്‍ വ്യാപാര സ്ഥാപനങ്ങളുടേതടക്കമുള്ള എല്ലാ നോട്ടിസുകളും വിതരണം ചെയ്യുന്നത് മനാമ കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് നിരോധിച്ചു. നിരോധനം ഇന്നു മുതല്‍ നിലവില്‍ വന്നതായി കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖുസാഇ അറിയിച്ചു.
ഇതനുസരിച്ച് വിവിധ സൈസുകളിലായി പുറത്തിറക്കുന്ന ലീഫ് ലെറ്റുകള്‍, ബ്രോഷറുകള്‍, മറ്റു നോട്ടീസുകള്‍ എന്നിവ ഇന്ന് മുതല്‍ ഇവിടെ വിതരണം ചെയ്യാനോ വാഹനങ്ങളുടെ പുറത്ത് വെക്കാനോ പാടില്ല. വാഹനങ്ങളുടെ ഗ്ലാസ്സുകള്‍ക്കു മുകളിലും വീട്ടു പടിക്കലും ഇത്തരം നോട്ടീസുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളുടെ വാര്‍ഷികം, മറ്റു ആഘോഷ സുദിനങ്ങള്‍ എന്നിവയോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന ഓഫറുകള്‍ അറിയിക്കാനാണ് പ്രധാനമായും ഇത്തരം ബ്രോഷറുകളും നോട്ടീസുകളും ഇവിടെ വിതരണം ചെയ്യപ്പെടാറുള്ളത്.
എന്നാല്‍ ഇവ വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കപ്പെടുന്നവര്‍ നിര്‍ത്തിയിട്ട കാറുകളുടെ വിന്‍ഡ് സ്‌ക്രീനിലും വീടുകളുടെയും ഓഫിസുകളുടെയും പടികളിലും വ്യാപകമായി നോട്ടീസ് നിക്ഷേപിക്കുന്നതും ബാക്കി വരുന്നവ അലക്ഷ്യമായി ഉപേക്ഷിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നവ പിന്നീട് തെരുവിലും താമസ സ്ഥലങ്ങളിലും വലിയ മാലിന്യമായി അടിഞ്ഞുകൂടുന്നതായും പരാതിയുണ്ട്.
നിരോധനം നിലവില്‍ വന്നതോടെ ഇന്നു മുതല്‍ മനാമയില്‍ നോട്ടീസ് വിതരണം ചെയ്യുന്ന സ്ഥാപനത്തിന് 1200 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 2 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ നോട്ടീസ് വിതരണം ചെയ്യുന്നവര്‍ക്കും പിഴശിക്ഷ ലഭിക്കും. ഇവര്‍ക്ക് 75 മുതല്‍ 150 ദിനാര്‍ വരെ പിഴ ചുമത്താനാണ് തീരുമാനം.
ആളുകള്‍ സംഘം ചേര്‍ന്നാണ് നോട്ടീസുകള്‍ വിതരണം ചെയ്യുന്നതെങ്കില്‍ ഓരോരുത്തര്‍ക്കും 300 ദിനാര്‍ പിഴ ഈടാക്കും.
പൊതു സ്ഥലങ്ങളില്‍ നോട്ടിസ് പതിച്ചാലും പിഴ അടക്കേണ്ടി വരും. ഇത്തരം ബ്രോഷറുകളും മറ്റും വിതരണം ചെയ്യാന്‍ ആളെ നിയമിക്കുന്ന കമ്പനികളില്‍ നിന്ന് 250 ദിനാര്‍ അധികം ഈടാക്കും. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവരെ കൂടുതല്‍ പിഴ സംഖ്യ ഈടാക്കി കോടതിക്ക് കൈമാറുമെന്നും കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
തിരക്കു പിടിച്ച റോഡുകളിലെ ട്രാഫിക്കില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെ സമീപിച്ചും ചിലര്‍ നോട്ടീസ് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില ഏഷ്യന്‍ പൗരന്‍മാരാണിതിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ബ്രോഷറുകള്‍ തെരുവുകളില്‍ അട്ടിയായി വെക്കുന്നതും ഇതുവഴി റോഡില്‍ ബ്രോഷറുകള്‍ പരന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നോട്ടിസുകള്‍ വ്യാപകമായി ഒട്ടിച്ച് പോകുന്ന രീതിയുമുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും അത് കൊണ്ടു തന്നെ ഇപ്പോള്‍ ഒരു കര്‍ശന നടപടി നിര്‍ബന്ധമായി വന്നിരിക്കുകയാണെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
അതേസമയം നോട്ടീസ് വിതരണം അനുവദിക്കുന്ന മേഖലകളും അദ്ധേഹം വിവരിച്ചു. കെട്ടിടങ്ങളിലെ ന്യൂസ്‌പേപ്പര്‍ ഡെലിവറി ബോക്‌സുകള്‍, റിസപ്ഷന്‍ ഡെസ്‌കുകള്‍ എന്നിവിടങ്ങളില്‍ വീട്ടുടമയുടെ അനുമതിയോടെ നോട്ടീസുകള്‍ വിതരണം ചെയ്യാം.
കൂടാതെ ബില്‍ഡിങ് വാച്ച്മാെന്റ പക്കലും നോട്ടീസുകള്‍ ഏല്‍പ്പിക്കാവുന്നതാണ്. ഇതൊന്നും സാധ്യമല്ലെങ്കില്‍
ഇമെയില്‍/ മെസേജുകള്‍ വഴി മാത്രമേ ബ്രോഷറുകള്‍ പബ്ലിഷ് ചെയ്യാവൂ എന്നും അദ്ധേഹം പറഞ്ഞു. അതോടൊപ്പം ദിന പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവക്ക് കൂടെ വരുന്ന സപ്ലിമെന്റുകള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദുബൈയിലും ഇത്തരത്തിലുള്ള നോട്ടീസ് വിതരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."