യാത്രകള്‍ കഴിഞ്ഞു; എല്‍.ഡി.എഫ് ഇനി പ്രശ്‌നപരിഹാര ചര്‍ച്ചകളിലേക്ക്
തിരുവനന്തപുരം: ജനജാഗ്രതാ യാത്രകള്‍ സമാപിച്ചതോടെ ഇടതുമുന്നണിക്കു മുന്നിലുള്ളത് സര്‍ക്കാരും മുന്നണിയും നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരം.
തിങ്കളാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. അടുത്തയാഴ്ചതന്നെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും എല്‍.ഡി.എഫ് യോഗവും ചേരും.
ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നതു സംബന്ധിച്ചായിരിക്കും യോഗങ്ങളിലെ പ്രധാന ചര്‍ച്ച. ചാണ്ടിയെ സി.പി.ഐ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. സി.പി.എം നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ചാണ്ടിക്കെതിരാണ്. രണ്ടു പാര്‍ട്ടികളുടെയും നേതൃയോഗങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനത്തിന് അനുസരിച്ചായിരിക്കും മുന്നണി യോഗത്തില്‍ തീരുമാനമുണ്ടാകുക.
ജനജാഗ്രതാ യാത്രകളുടെ വിലയിരുത്തലും യോഗങ്ങളിലുണ്ടാകും.
ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരേ ശക്തമായ ആക്രമണത്തിനു കോപ്പുകൂട്ടി ആരംഭിച്ച യാത്ര തുടക്കംമുതല്‍ പ്രതിരോധത്തിലായിരുന്നു. തോമസ് ചാണ്ടി വിഷയവും വടക്കന്‍ യാത്രയുടെ നായകന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ ആഡംബര കാറില്‍ കയറിയതുമായി ബന്ധപ്പെട്ട വിവാദവുമാണ് ജാഥകളെ പ്രതിരോധത്തിലാക്കിയത്. വിവാദങ്ങള്‍ക്കു മറുപടി പറയുന്നതിനാണ് ജാഥാനായകര്‍ കൂടുതല്‍ സമയം ചെലവഴിച്ചത്.
ഏറ്റവുമൊടുവില്‍ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ മുക്കത്തു നടക്കുന്ന സമരവും സര്‍ക്കാരിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയവും യോഗങ്ങളില്‍ ചര്‍ച്ചയാകും.
തോമസ് ചാണ്ടി വിഷയത്തിലും ഗെയില്‍വിരുദ്ധ സമരത്തിലും സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ഇരു കക്ഷികളുടെയും നേതാക്കള്‍ പരസ്യമായി തന്നെ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഈ ഭിന്നതയും എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."