നെഹ്‌റു ട്രോഫിയില്‍ സംഗമിക്കുന്നത് മത്സരാവേശവും മതസൗഹാര്‍ദവും: ഗവര്‍ണര്‍ പി സദാശിവം
നാടിന്റെ ഉത്സവമായ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ സംഗമിക്കുന്നത് മത്സരത്തിന്റെ ആവേശവും ജാതി-മതാതീതമായ സൗഹാര്‍ദ്ദവുമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. 64-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ പ്രകൃതിയാല്‍ അനുഗൃഹീതമായ പ്രദേശമാണ്. ഇവിടുത്തെ സാസ്‌കാരിക വൈവിധ്യവും കായികരംഗത്തോടുള്ള അര്‍പ്പണ മനോഭാവവും നെഹ്‌റു ട്രോഫിയില്‍ പ്രകടമാണ്. വള്ളംകളിയോട് ചേര്‍ന്നുള്ള വഞ്ചിപ്പാട്ട് ആഗോള പ്രശസ്തി നേടിയിട്ടുണ്ട്. സംഘാടകരെയും മത്സരത്തില്‍ പങ്കെടുത്തവരെയും ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് നെഹ്‌റുവും വള്ളംകളിയുടെ ചരിത്രവും ലോകപ്രശസ്തി ആര്‍ജ്ജിച്ചതാണ്-ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ പി. സദാശിവം നെഹ്‌റുവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പതാകയുയര്‍ത്തി. തുടര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. സന്താന ഗൗഡര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി. സുധാകരന്‍ ആധ്യക്ഷ്യം വഹിച്ചു. ആലപ്പുഴയിലെ റോഡുകളുടെ സമഗ്രവികസനത്തിന് 600 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിവരുന്നതായി മന്ത്രി പറഞ്ഞു. നഗരത്തിലെ കനാലുകള്‍ വൃത്തിയാക്കും.
ടൂറിസം-സഹകരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ സന്നിഹിതനായി. മാസ്ഡ്രില്ലിനെ അഭിവാദ്യം ചെയ്തു. ചടങ്ങില്‍ ചലച്ചിത്ര നടന്‍ ജയറാമിന് നല്‍കിക്കൊണ്ട് ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം സുവനീറിന്റെ പ്രകാശനം നിര്‍വഹിച്ചു.
എം.എല്‍.എ.മാരായ എ.എം. ആരിഫ്, യു. പ്രതിഭാ ഹരി, തോമസ് ചാണ്ടി, ആര്‍. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടറും എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണുമായ ആര്‍. ഗിരിജ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. നെഹ്‌റു ട്രോഫി ജേതാക്കളായ കാരിച്ചാല്‍ ചുണ്ടന് ഗവര്‍ണര്‍ പി. സദാശിവം ട്രോഫി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."