ഗുജറാത്ത് ആര് ഭരിക്കണമെന്നത് യുവാക്കള്‍ തീരുമാനിക്കും
അഹമ്മദാബാദ്: ഗുജറാത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക യുവവോട്ടര്‍മാര്‍. സംസ്ഥാനത്ത 4.33 കോടി വോട്ടര്‍മാരില്‍ 2.24 കോടിയും യുവ വോട്ടര്‍മാരാണ്. ഇത്തവണ മുന്‍തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് യുവ നേതാക്കളാണ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെങ്കിലും ഇവര്‍ക്ക് യുവനിരയെ ഇതുവരെ കൈയിലെടുക്കാനായിട്ടില്ലെന്നതാണ് വാസ്തവം.
പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്കു പിന്നിലാണ് യുവ വോട്ടര്‍മാര്‍ നിലയുറപ്പിക്കുന്നതെങ്കിലും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവാനി, പിന്നോക്ക-ദലിത്-ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരോട് പലര്‍ക്കും വേണ്ടത്ര ആഭിമുഖ്യമില്ലെന്നതാണ് യാഥാര്‍ഥ്യം.
അടുത്ത സര്‍ക്കാരില്‍ യുവ വോട്ടര്‍മാര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് ആരോഗ്യ രംഗത്തെയും വിദ്യഭ്യാസ രംഗത്തെയും പുരോഗതിയാണ് എല്ലാവരും മുന്നോട്ടുവയ്ക്കുന്നത്. അതിനുശേഷം മതി സംവരണമെന്നും അവര്‍ പറയുന്നു.
യുവനേതാക്കളെന്ന് പറയുന്നവര്‍ അവരുടെ സമയം വെറുതെ കളയുകയാണെന്നാണ് വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ അഭിപ്രായം. യുവാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിരുചികളും ആശയങ്ങളും ഉണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാതെ സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മൂന്ന് യുവ നേതാക്കളും വച്ചുപുലര്‍ത്തുന്നത് യാഥാസ്തിതിക അജണ്ടയാണ്. ഇവര്‍ക്ക് ഇന്ത്യയെ ഭാവിയിലൊരു സൂപ്പര്‍ പവറാക്കി മറ്റാനുള്ള ശേഷിയില്ലെന്നും യുവ വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഈ നേതാക്കള്‍ക്ക് പ്രത്യേകമായ ഒരു ആശയങ്ങളും ഇല്ല. സമൂഹത്തില്‍ ബഹളം ഉണ്ടാക്കുകയെന്നല്ലാതെ മറ്റൊന്നും ഇവര്‍ക്കില്ല.
അതിനിടയില്‍ ചില വിദ്യാര്‍ഥിനികള്‍ നോട്ടയ്ക്ക് വോട്ടുചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെയാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
സംസ്ഥാനത്ത് ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള നീക്കം ആപല്‍ക്കരമെന്ന അഭിപ്രായവും യുവ വോട്ടര്‍മാര്‍ക്കുണ്ട്. ഗുജറാത്ത് രാഷ്ട്രീയം ഇപ്പോള്‍ അനിയന്ത്രിതമായ രീതിയില്‍ ജാതിവ്യവസ്ഥയിലേക്കാണ് കൂടുമാറിയത്. അതുകൊണ്ടുതന്നെ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന പ്രചാരണംതന്നെ ജാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ സംസ്ഥാനത്തെ പ്രധാന പ്രശ്‌നത്തിലേക്ക് ഇവരാരും പ്രവേശിക്കുന്നില്ല.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത, പോഷകാഹാരക്കുറവുകൊണ്ടുണ്ടാകുന്ന രോഗം എന്നിവ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിലുള്ള പരിഹാരത്തിന് ഒരു തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളും കൊണ്ടുവരാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും യുവാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."